ഹമദ് ട്രാവല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനം

Clinic

ദോഹ: ഹമദ് ട്രാവല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുമെന്ന് ഡോക്ടര്‍ മുന അല്‍ മസ്ലമാനി അറിയിച്ചു. യാത്രക്കാരുടെ ചികിത്സാ സംബന്ധമായ സേവനങ്ങള്‍ക്കായി പ്രവര്‍ത്തനമാരംഭിച്ചതാണ്  ട്രാവല്‍ ക്ലിനിക്ക്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലാണ് ട്രാവല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. 

ട്രാവല്‍ ക്ലിനിക്കിലൂടെ ഇതുവരെ 4366 യാത്രികര്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 2017 ലാണ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2020 ലെ കണക്കുകളുമായി തുലനം ചെയ്യുമ്പോള്‍, 2021 വര്‍ഷത്തില്‍ 25 % യാത്രക്കാരുടെ വര്‍ധനവാണ് ക്ലിനിക്കില്‍ ഉണ്ടായത്. 

ഈ വര്‍ഷവും യാത്രക്കാരുടെ ഒഴുക്ക് തുടരുന്നതിനാല്‍, ക്ലിനിക്കിന്റെ പ്രവര്‍ത്തനസമയം അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനാണ് അധികൃതരുടെ നീക്കം. തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളിലാണ് നിലവില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ഓരോ ആഴ്ചയിലും ഒരു ദിവസം കൂടി ക്ലിനിക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. വിദേശയാത്രക്ക് മുന്‍പ് വിവിധ ടെസ്റ്റുകളും വാക്‌സിനേഷനും നടത്തേണ്ടവര്‍ക്കും, യാത്ര കഴിഞ്ഞെത്തുന്നവര്‍ക്കും ട്രാവല്‍ ക്ലിനിക്കിന്റെ സേവനം ഏറെ ഉപകാരപ്രദമാണ്.

Share this story