ധാരാളം വെള്ളം കുടിക്കുക, മാസ്ക് ധരിക്കുക; ഉംറ തീർത്ഥാടകർക്ക് ആരോഗ്യ നിർദേശങ്ങളുമായി അധികൃതർ

ജിദ്ദ: ‘ഉംറ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ബോധവൽക്കരണ സന്ദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം.

ഉംറ തീർത്ഥാടകർക്കായി നിരവധി ആരോഗ്യ നിർദേശങ്ങളാണ് ഇതിൽ പറയുന്നത്. ടൈൽസിൽ നടക്കുമ്പോൾ കാൽ വേദന ഉണ്ടാകാതിരിക്കാൻ ത്വവാഫിലും സഇയിലും കൂടുതൽ നേരം നഗ്നപാദനായി നടക്കാതെ മെഡിക്കൽ ഷൂ ധരിക്കണമെന്ന് മന്ത്രാലയം വിശദീകരിച്ചു. സൂര്യാഘാതം ഏൽക്കുന്നത് തടയാൻ കുട ഉപയോഗിക്കണം.

ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണ പദാർത്ഥങ്ങളിൽ ദ്രവരൂപത്തിലുള്ളവ വർധിപ്പിക്കുകയും വേണം. ചർമം പൊട്ടിപ്പോവുമെന്ന ഭയമുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിച്ച ശേഷം അതിനാവശ്യമായ ക്രീമുകൾ ഉപയോഗിക്കണം.

പകർച്ചവ്യാധികൾ തടയുന്നതിന് മെഡിക്കൽ മാസ്‌ക് ധരിക്കണം. വൃത്തികെട്ടതോ കേടായതോ ആയ മാസ്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കലാണ് അഭികാമ്യമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിച്ചു.

Share this story