ദുബായ് എക്സ്പോ സന്ദർശകർ 1.7 കോടി കവിഞ്ഞു

ദുബായ് എക്സ്പോയിൽ സന്ദർശകരുടെ എണ്ണം 1.7 കോടി കവിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 14 ലക്ഷം പേരാണ് എക്സ്പോ സന്ദർശിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ ഒഴുകിയെത്തിയ ആഴ്ചയാണ് കഴിഞ്ഞുപോയത്. അടുത്ത ആഴ്ചകളിലും ഈ നില തുടർന്നാൽ എക്സ്പോ അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് രണ്ട് കോടി എന്ന മാന്ത്രികസംഖ്യ മറികടക്കാൻ കഴിയും. ഈ മാസം കൂടുതൽ സന്ദർശകരെ എത്തിക്കാൻ നിരവധി പരിപാടികളാണ് എക്സ്പോ ആസൂത്രണം ചെയ്യുന്നത്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് ഇതുവരെ എക്സ്പോയിൽ എത്തിയത് 17,434,222 പേരാണ്. ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികളെയും പ്രതിനിധികളെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

രണ്ട് കോടി കവിഞ്ഞ് രണ്ടര കോടിയിലേക്കും എക്സ്പോയിലെ സന്ദർശകർ എത്തിയേക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് നിരവധി വിദേശ വിനോദസഞ്ചാരികൾ എത്തിയതിന് തെളിവാണ് എക്സ്പോയിലെ സന്ദർശകരുടെ എണ്ണം. ജനുവരിയിൽ 10 ലക്ഷത്തിനടുത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികളെയാണ് ദുബായ് സ്വകീരിച്ചത്.

Share this story