ദുബായ് എക്സ്പോ; സന്ദര്‍ശകര്‍ 2 കോടി

ദുബായ്: എക്സ്പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം 2 കോടി എന്ന ശ്രദ്ധേയമായ നാഴികക്കല്ലിലെത്തി. ലോകത്തെ വിറപ്പിച്ച കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകത്തെ യുഎഇയിലേക്ക് ആകര്‍ഷിപ്പിച്ചു നേടിയ ഈ വിസ്മയ നേട്ടം ആഘോഷിക്കുകയാണ് അധികൃതര്‍. 2.5 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ ഇനി അരക്കോടി മാത്രം മതി. പതിനൊന്ന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സന്ദര്‍ശകരുടെ അക്കം അതിനെ മറികടക്കും.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം എക്‌സ്‌പോ സന്ദര്‍ശകരില്‍ 70 ശതമാനം യുഎഇയില്‍ നിന്നുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ 28 ലക്ഷത്തിലധികം വരും.

സമാനതകളില്ലാത്ത സാംസ്‌കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികള്‍ സംയോജിപ്പിച്ച്, ഇതുവരെ നടന്നതില്‍ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി എക്‌സ്‌പോ 2020 മാറി. 192 രാജ്യങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ പ്രദര്‍ശിപ്പിച്ചാണ് ആഗോള നഗരിയില്‍ ഒത്തുചേര്‍ന്നത്. ലോകനേതാക്കള്‍, അത്യാധുനിക കണ്ടുപിടുത്തങ്ങള്‍, കായിക താരങ്ങള്‍, അവാര്‍ഡ് ജേതാക്കള്‍, സൂപ്പര്‍സ്റ്റാറുകള്‍, പാചക പ്രമുഖര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒത്തുചേര്‍ന്നു. ഓരോ ദിവസവും പുതിയതും വ്യത്യസ്തവുമായ പരിപാടികള്‍ ഒരുക്കി. ഇതിനകം 32,000 പരിപാടികളാണ് അരങ്ങേറിയത്.

”ഞങ്ങള്‍ ഈ സ്വപ്നം സാക്ഷാത്കരിച്ചു, ഞങ്ങള്‍ ഇത്രയും കാലം കഠിനാധ്വാനം ചെയ്തതിനോട് ലോകം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് നാഴികകല്ലായ ഈ സന്ദര്‍ശനങ്ങള്‍ കാണിക്കുന്നത്’ എക്സ്പോ 2020 ഹയര്‍ കമ്മിറ്റി ചെയര്‍മാനും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിന്‍ സൗദ് അല്‍ മക്തൂം പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തെവിടെയായിരുന്നാലും അവരുടെ എക്‌സ്‌പോ 2020 ഓര്‍മകള്‍ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും പങ്കിടുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞു.

Share this story