വിമാന ടിക്കറ്റ്‌ നിരക്ക് ഉയർത്തി വീണ്ടും പ്രവാസി കൊള്ള; വ്യോമയാന മന്ത്രിക്ക് ഗ്ലോബൽ പ്രവാസി അസോസിയേഷൻ നിവേദനമയച്ചു

ഷാർജ: പ്രവാസികളെ കൊള്ളയടിക്കുന്ന യാത്രാനിരക്കുകൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകി. നിലവിൽ ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് കരിപ്പൂരിലേക്ക് 8000 രൂപയായിരുന്ന നിരക്ക് 40,000രൂപ വരെ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് മൂന്നുമുതൽ അഞ്ചിരട്ടിവരെയാണ് ടിക്കറ്റ്‌ നിരക്കിലെ വർധനയുണ്ടായിരിക്കുന്നത്.  ചെറിയ പെരുന്നാളിന്‌ നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ്‌ ഈ തീവെട്ടി കൊള്ള എന്നാണ് പ്രവാസലോകത്തു നിന്ന് ഉയരുന്ന പ്രതിഷേധം. 

യുഎഇക്ക് പുറമെ ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി എന്നി രാജ്യങ്ങളിലും വിമാന നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഇത്തരത്തിലൊരു നടപടിയെ തുടർന്ന് ഒട്ടുമിക്ക മലയാളികൾ ഉൾപ്പടെയുള്ള  പ്രവാസി കുടുംബങ്ങൾ യാത്ര റദ്ധാക്കിയിരിക്കുകയാണ്. നാടിന്റെ നട്ടെല്ലെന്ന് അറിയപ്പെടുമ്പോഴും നടുവൊടിക്കുന്ന അനുഭവങ്ങളാണ് പ്രവാസികൾ നേരിടുന്നതെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ നിസ്സഹായാവസ്ഥ മനസിലാക്കി ഈ ഒരു പ്രശ്നത്തിന്  വ്യോമയാനവകുപ്പിൽ നിന്നും അർഹമായ നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സലാം പാപ്പിനിശ്ശേരി വിശദമാക്കി.

Share this story