യുഎഇയിൽ സെൻട്രൽ ബാങ്കിന്റെ പേരിൽ തട്ടിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

bank

അജ്മാൻ: യുഎഇയിൽ സെൻട്രൽ ബാങ്കിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നു. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സർക്കാർ ലോഗോ പ്രൊഫൈൽ പിക്ച്ചർ ആക്കിയ വാട്സപ്പ് നമ്പറിൽ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം അയക്കുന്നത്. സാധാരണക്കാർ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള തരത്തിൽ സെൻട്രൽ ബാങ്കിന്റെ ലെറ്റർപാഡിലാണ് മേൽപ്പറഞ്ഞ മെസേജ് അയക്കുന്നത്. ബാങ്ക് മാനേജറുടെ പേരും ഒപ്പും ഈ സന്ദേശത്തിൽ അടങ്ങിയിട്ടുണ്ട്.

ബാങ്കിന്റെ ഇടപാടുകൾ തടസപ്പെടാതിരിക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്താണ് സംഘം ആളുകൾക്ക് സന്ദേശം അയക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ബാങ്കുമായി ബന്ധപ്പെട്ട എ.ടി.എം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്കാർഡ് എന്നിവ മരവിപ്പിക്കാൻ സാധ്യതയുണ്ടെന്നും എല്ലാ വിശദാംശങ്ങളും പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ബാങ്ക് അക്കൗണ്ട് സ്ഥിരമായി തടയുമെന്നും വാട്സപ്പിൽ സന്ദേശം അയക്കുകയാണ് സംഘം. ഇതൊഴിവാക്കാൻ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടണമെന്ന നിർദേശത്തിലാണ് സന്ദേശം അവസാനിക്കുന്നത്.

ബാങ്കുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ ഫോണിലൂടെയോ മറ്റോ ആർക്കും നൽകരുതെന്ന് പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ നിരന്തരം ജനങ്ങളെ ബോധവൽക്കരിച്ചിട്ടുണ്ട്. മുൻപും ഇത്തരത്തിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ശ്രദ്ധയിൽപ്പെടാത്ത ചിലരെയെങ്കിലും വലയിൽ കുടുക്കാം എന്ന താൽപര്യത്തോടെയാണ് സംഘം പ്രവർത്തിക്കുന്നത്. ഇത് തെറ്റായ സന്ദേശമാണെന്നും തട്ടിപ്പ് സംഘമാണെന്നും മനസ്സിലാക്കാതെ തിരിച്ച് ബന്ധപ്പെടുന്നവരോട് അവരുടെ ബാങ്കിന്റെ സ്വകാര്യമായ വിവരങ്ങൾ കൈക്കിലാക്കി പണം തട്ടലാണ് സംഘത്തിന്റെ പതിവ്.

Share this story