സൗജന്യ നിയമസഹായം തുണയായി; ലേബർ കോടതിയിൽ നിന്ന് കണ്ണൂർ സ്വദേശിക്ക് ലഭിച്ച നഷ്ടപരിഹാര തുക കൈമാറി

Gulf

ഷാർജ: നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ ചക്കരക്കൽ സ്വദേശി ഉമേഷിന് ലേബർ കോടതിയുടെ അനുകൂല വിധിയെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയായ 8100 ദിർഹംസ് (ഒന്നരലക്ഷം രൂപ) കൈമാറി. യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി മുഖാന്തിരം സൗജന്യ നിയമസഹായത്തിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് ഇദ്ദേഹത്തിന് നഷ്ടപരിഹാര തുക ലഭ്യമായത്.  

തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുടെ കീഴിലുള്ള ലേബർ സപ്ലൈ കമ്പനിയിലാണ് ഉമേഷ് 2008 മുതൽ 2020 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനമോ മറ്റു ആനുകൂല്യങ്ങളോ  ലഭിക്കാത്തതിനാലും   കമ്പനിയുടമയുടെ മോശമായ പെരുമാറ്റവും കാരണം ഉമേഷ് ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ ജോലി നിർത്തുന്ന അവസരത്തിൽ വിസ കാൻസൽ ചെയ്തു കൊടുക്കുവാനോ നിയമപരമായി ലഭിക്കേണ്ട  ആനുകൂല്യങ്ങൾ നൽകുവാനോ കമ്പനിയുടമ തയ്യാറായില്ല. തുടർന്ന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ ഉമേഷ് കമ്പനിയുടമ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ  ലഭ്യമാക്കുന്നതിന് വേണ്ടി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയാണ് ഉണ്ടായത്.  ശേഷം കേസിന്റെ വിശദവിവരങ്ങൾ എല്ലാം മനസിലാക്കിയ സലാം പാപ്പിനിശ്ശേരി ഈ കേസ് ഏറ്റെടുക്കുകയും ഉമേഷിന് സൗജന്യ നിയമസഹായം നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നിയമോപദേശപ്രകാരം ഉമേഷ് തൊഴിൽ കരാർ രേഖകൾ, തൊഴിൽ വേതന രേഖകൾ, വിമാന ടിക്കറ്റ്, ഇതുവരെയുള്ള സർവീസ് അലവൻസ്, ലീവ് അലവൻസ് മുതലായ  അവകാശങ്ങൾ കാണിച്ചു കൊണ്ട് ലേബർ കോടതിയിൽ പരാതി നൽകി. തുടർന്ന് ഈ പരാതിക്കെതിരായി കമ്പനിയുടമ മറുപടി മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി. 

അതിൽ കമ്പനിയുടെ ഭാഗത്തു നിന്നും ഉമേഷിന് എല്ലാവിധത്തിലുള്ള  അവകാശങ്ങളും നൽകിയിട്ടുണ്ടെന്നാണ് കമ്പനി കോടതിയെ ബോധിപ്പിച്ചത്. എന്നാൽ തൊഴിലാളിക്ക് ലഭിക്കേണ്ട അലവൻസും ഗ്രാറ്റുവിറ്റിയും മടക്ക യാത്രക്കുള്ള വിമാന ടിക്കറ്റും അവസാന മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ല എന്ന് കാണിച്ചു ഉമേഷിന്റെ വക്കീൽ ശക്തമായി വാദിച്ചു.  ഇരുവരുടെയും വാദവും രേഖകളും നിരീക്ഷിച്ച കോടതി കമ്പനിയുടമ നൽകിയ വാദങ്ങൾക്ക് കൃത്യമായ തെളിവുകൾ ഇല്ലെന്നും ന്യായം ഉമേഷിന്റെ പക്ഷത്തുമാണെന്ന് കണ്ടെത്തുകയും കമ്പനി ഉമേഷിന് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പടെ 8100 ദിർഹംസ് (ഒന്നരലക്ഷം രൂപ) നൽകുവാനും ലേബർ കോടതി  ഉത്തരവിട്ടു.

Share this story