ഹൂത്തികളെ ഭീകരരായി പ്രഖ്യാപിക്കണം: സൗദി അറേബ്യ

റിയാദ്: ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന് യു.എൻ രക്ഷാ സമിതിയിൽ സൗദി അറേബ്യ ആവശ്യപ്പെട്ടു. യെമനിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ ചേർന്ന രക്ഷാ സമിതി യോഗത്തിൽ സൗദി സ്ഥിരം പ്രതിനിദി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യെമനിൽ സമാധാനം സാധ്യമാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് സൗദി അറേബ്യ തുടരും. സൗദി അറേബ്യയെ ഹൂത്തികൾ വീണ്ടും ആക്രമിക്കുന്ന പക്ഷം സ്വയം പ്രതിരോധത്തിന് രാജ്യത്തിന് അവകാശമുണ്ട്. സൗദി അറേബ്യക്കെതിരായ ശത്രുതാപരമായ ആക്രമണങ്ങൾ ചെറുക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. 

യെമനിൽ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള യു.എൻ ദൂതന്റെ നിർദേശങ്ങൾ നിരാകരിക്കുന്നതായി ഈ മാസം രണ്ടിന് ഹൂത്തികൾ പ്രഖ്യാപിച്ചതിന് എല്ലാവരും സാക്ഷികളാണ്. ഭീകരവാദികളും തീവ്രവാദികളുമായ ഈ മിലീഷ്യയുടെ സ്വഭാവം അറിയുന്നവർക്ക് വെടിനിർത്തൽ നിർദേശം അവർ നിരാകരിച്ചതിൽ അതിശയമല്ല. യെമൻ ജനതയെ ബന്ദികളാക്കി അവരുടെ വിധി നിയന്ത്രിക്കുകയും യെമൻ തലമുറകളെ മുഴുവൻ യുദ്ധങ്ങളുടെയും സായുധ സംഘട്ടനങ്ങളുടെയും അപകടങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഹൂത്തികൾ, തങ്ങളുടെ തീവ്രവാദ പ്രത്യയശാസ്ത്ര താൽപര്യങ്ങൾക്ക് മറ്റെല്ലാറ്റിമുപരി മുൻഗണന നൽകുന്നു. വെടിനിർത്തൽ ദീർഘിപ്പിക്കാൻ വിലങ്ങുതടി സൃഷ്ടിച്ചത് ഹൂത്തികളാണെന്ന് കുറ്റപ്പെടുത്തിയും മേഖലയിലും യെമനിലും ചെങ്കടലിലും പ്രകോപനമായ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും ചർച്ചകൾ പുനരാരംഭിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടും കഴിഞ്ഞയാഴ്ച രക്ഷാ സമിതി പ്രസ്താവനയിറക്കിയിരുന്നു.

Share this story