സൗദിയിൽ 12 മേഖലകളില്‍ കൂടി സ്വദേശിവൽക്കരണം; തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ രാജ്യം

Saudi

റിയാദ്: സൗദി അറേബ്യയിൽ 12 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ പത്താമത് ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നൂതന പ്രവർത്തന ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കം സൗദി അറേബ്യയിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഈ വർഷം അവസാനത്തോടെ 12 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും, ഇത് ഏതൊക്കെ മേഖലകളിൽ നടക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ സൗദി പൗരൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ 22 ലക്ഷം സ്വദേശികൾ രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സൗദി അറേബ്യയിലെ സ്വദേശിവൽക്കരണ യജ്ഞത്തിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്കും തദ്ദേശീയർക്കായി മാത്രം നീക്കിവച്ചിരിക്കുന്ന എല്ലാ തൊഴിൽ മേഖലകളിലും ജോലി ചെയ്യാം. സൗദി അറേബ്യയ്ക്ക് പുറമെ യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ പൗരൻമാരെയും സ്വദേശിവൽക്കരണ തസ്തികകളിൽ ഉൾപ്പെടുത്താമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Share this story