തൊഴിലാളികളുടെ കോവിഡ് ഐസൊലേഷൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിലാളികളുടെ കോവിഡ് ഐസൊലേഷനുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും മാർഗ നിർദേശങ്ങൾ ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒമാനിൽ വാക്‌സിനെടുക്കാത്ത വ്യക്തികൾ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തെ ക്വാറന്റീനിൽ പോകണം. എട്ടാം ദിവസം കോവിഡ് പരിശോധനക്ക് വിധേയമാകുകയും വേണം. ഫലം നെഗറ്റീവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം. എന്നാൽ പോസിറ്റിവാകുകയാണെങ്കിൽ പത്ത് ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ പ്രകടമായ ലക്ഷണമില്ലെങ്കിൽ ഐസൊലേഷൻ ആവശ്യമില്ല. എന്നാൽ കോവിഡ് പരിശോധനക്ക് ഹാജരാകണം.

രോഗ ലക്ഷണമുള്ള എല്ലാ തൊഴിലാളികളും പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. യാത്രയടക്കുള്ള മറ്റ് പി.സി.ആർ ടെസ്റ്റിൽ പോസിറ്റീവാകുകയാണെങ്കിൽ 72 മണിക്കൂർ ഐസോലേഷനിൽ കഴിഞ്ഞാൽ മതി. ഇതിന് ശേഷമുള്ള ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിൽ ഐസോലഷൻ അവസാനിപ്പിക്കാം. രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലെ എല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Share this story