ഖത്തറിൽ സ്‌കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിലെന്ന് റിപ്പോർട്ട്

milna

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി പെൺകുട്ടി മിൻസ മറിയം ജേക്കബ്(4) കനത്ത ചൂടിൽ മരിച്ച സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം. മലയാളി അടക്കമുള്ള ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ നുഐമി ആശ്വസിപ്പിച്ചു.  കുടുംബത്തിന് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു

അൽ വക്ര സ്പ്രിംഗ് ഫീൽഡ് കിന്റർ ഗാർട്ടനിലെ കെജി വൺ വിദ്യാർഥിനിയായിരുന്നു മിൻസ. കുട്ടി ബസിൽ ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് പോകുകയായിരുന്നു. ഉച്ചയോടെ വിദ്യാർഥികളെ തിരികെ എത്തിക്കാനായി ബസ് എടുത്തപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിൻസ.
 

Share this story