നൊമ്പരപ്പൂവായി മിൻസ മറിയം ജേക്കബ്; നാല് വയസ്സുകാരിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. അൽവക്രയിലെ മോർച്ചറിക്ക് മുന്നിൽ നൂറുകണക്കിനാളുകളാണ് മിൻസക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ത്തെിയത്

ദോഹയിൽ നിന്ന് പുലർച്ചെ ഒന്നരക്കുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. എട്ടരയോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ടുപോകും. 

അതേസമയം സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. അൽ വക്ര സ്പ്രിംഗ് ഫീൽഡ് കിൻഡർ ഗാർഡനാണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ച വരുത്തിയ സ്‌കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി തെളിഞ്ഞിരുന്നു. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാല് വയസ്സുകാരി സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ബസിനുള്ളിലെ കൊടും ചൂടേറ്റ് മരിച്ചത്. സ്‌കൂളിലേക്കുള്ള യാത്രക്കിടെ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോകുകയും ഇത് മനസ്സിലാക്കാതെ ജീവനക്കാർ ബസ് പൂട്ടി ഇറങ്ങിപ്പോകുകയുമായിരുന്നു

Share this story