പുതുവർഷം: അബുദാബിയിൽ ട്രക്ക് നിരോധനവും റോഡ് അടച്ചിടലും പ്രഖ്യാപിച്ചു

Abudhabi

അബുദാബി: അബുദാബിയിൽ ട്രക്കുകൾക്ക് നിരോധനം. പുതുവർഷം പ്രമാണിച്ചാണ് നടപടി. 2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മണി മുതൽ 2023 ജനുവരി 1 ഞായറാഴ്ച രാവിലെ 7 മണി വരെയാണ് നിരോധനം നടപ്പിലാക്കുന്നത്. അബുദാബി പോലീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലീനിംഗ്, ലോജിസ്റ്റിക് സപ്പോർട്ട് വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂഷി അറിയിച്ചു. ഇക്കാലയളവിൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പുതുവർഷത്തോട് അനുബന്ധിച്ച് ഷാർജ സൗജന്യ പാർക്കിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. 2023 ജനുവരി 1 ന് ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു പാർക്കിംഗ് സോണുകളിൽ പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അന്നേദിവസം ഫീസ് നൽകേണ്ടതില്ല.

ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

Share this story