പുതുവർഷാഘോഷം: അബുദാബിയിൽ അരങ്ങേറുക വലിയ ആഘോഷ പരിപാടികൾ
Thu, 29 Dec 2022

അബുദാബി: പുതുവർഷത്തെ വരവേൽക്കാനായി ഗംഭീര ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അബുദാബി. വെടിക്കെട്ട് ഉൾപ്പെടെയുള്ള പരിപാടികളാണ് പുതുവർഷത്തോട് അനുബന്ധിച്ച് അബുദാബിയിൽ അരങ്ങേറുന്നത്.
അബുദാബി നഗരത്തിലും, അൽ ഐനിലും, അൽ ദഫ്റയിലുമുള്ള വിവിധ സ്ഥലങ്ങളിൽ വെടിക്കെട്ട് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ വെടിക്കെട്ട് നടത്തുമെന്നും സംഘാടകർ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പുതുവർഷ ദിനാഘോഷത്തിൽ അബുദാബി മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ 2022 നെ വരവേറ്റത് 40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗത്തിലൂടെയായിരുന്നു. മൂന്നു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ വെടിക്കെട്ടാണ് സ്വന്തമാക്കിയത്.