പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സൗദിയും കൈമലര്‍ത്തി; സഹായിക്കാനാകില്ലെന്ന് സൗദി അറേബ്യയുടെ അറിയിപ്പ്

Gulf

റിയാദ്: പാകിസ്ഥാനെ മുന്‍പത്തെ പോലെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി സൗദി അറേബ്യ രംഗത്ത് എത്തി. സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍. കഴിഞ്ഞ വര്‍ഷമുണ്ടായ അപ്രതീക്ഷിത പ്രളയമാണ് ആ രാജ്യത്തെ തളര്‍ത്തിയത്. പ്രളയം കാരണം പാകിസ്ഥാന്റെ വികസനക്കുതിപ്പില്‍ പകുതി ഇടിവ് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൗഹൃദ രാജ്യങ്ങളുടെ, പ്രത്യേകിച്ച് സൗദിയുടെ സഹായത്തോടെയാണ് പാകിസ്ഥാന്‍ മുന്നോട്ട് പോകുന്നത്.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ പോലും സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീര്‍ സൗദിയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ട് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സൗദി ചില ഇളവുകള്‍ പാകിസഥാന് നല്‍കിയിരുന്നു. യുഎഇയും സഹായം വാഗ്ദാനം നല്‍കി.

ചൈനയാണ് പാകിസ്ഥാനെ സഹായിക്കുന്ന മറ്റൊരു രാജ്യം. ഇതില്‍ വായ്പയായി ലഭിച്ച തുക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ തിരികെ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍, പാകിസ്ഥാനില്‍ പണപ്പെരുപ്പം കുത്തനെ ഉയരുകയും, രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിയുകയും ചെയ്തതോടെ പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും സഖ്യ രാജ്യങ്ങളിലേക്ക് സഹായം ചോദിച്ച് സന്ദര്‍ശനം നടത്തുക ആണ് ഇപ്പോള്‍.

ധന സഹായമോ വായ്പയോ നേടുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. എന്നാല്‍ ഈ അവസരത്തില്‍ സൗദി അറേബ്യയില്‍ നിന്നും പാകിസ്ഥാന് ലഭിക്കുന്ന സന്ദേശം നിരാശാ ജനകമാണ്. പാകിസ്ഥാനിലെ സൗദിയുടെ നിക്ഷേപം ഒരു ബില്യണില്‍ നിന്നും പത്ത് ബില്യണ്‍ വരെ ഉയര്‍ത്താനാവുമെന്നാണ് ഈ മാസം ആദ്യം സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലേക്കുള്ള നിക്ഷേപവും സൗദി അറേബ്യ അഞ്ച് ബില്യണ്‍ ഡോളറായി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ വായ്പാ നയവുമായി ബന്ധപ്പെട്ട് ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ നടത്തിയ പരാമര്‍ശമാണ് പാകിസ്ഥാന് തിരിച്ചടിയായത്. സഖ്യകക്ഷികള്‍ക്ക് സഹായം നല്‍കുന്ന രീതി രാജ്യം മാറ്റുകയാണെന്ന് ധനമന്ത്രി പറഞ്ഞു. മുമ്ബ് ഉപാധികളില്ലാതെ നേരിട്ട് ഗ്രാന്റുകളും നിക്ഷേപങ്ങളും നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികള്‍ക്ക് സാമ്ബത്തിക സഹായങ്ങള്‍ ഇനിമുതല്‍ നല്‍കുന്നത് വ്യവസ്ഥകള്‍ മുന്നോട്ട് വച്ചിട്ടായിരിക്കും. ഇതിലൂടെ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മേഖലയിലെ രാജ്യങ്ങളെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കും.

ഇനിമുതല്‍ സൗദിയില്‍ നിന്നും ധനസഹായം തേടുന്നവര്‍ ഗ്രാന്റിനെ മാത്രം ആശ്രയിക്കരുതെന്നും പകരം അവരുടെ രാജ്യത്ത് പരിഷ്‌കാരങ്ങള്‍ നടത്തണമെന്നുമാണ് സൗദി മന്ത്രി ഉദ്ദേശിച്ചത്. ധനസഹായം നല്‍കുന്നതിന് പകരം നിക്ഷേപമായി പണം അനുവദിക്കാനാണ് ഗള്‍ഫ് രാജ്യം ലക്ഷ്യമിടുന്നത്. ഇതോടെ സൗദിയില്‍ നിന്നും ഉടന്‍ മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ ധനസഹായമായി ലഭിക്കുമെന്ന് പാക് കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാണ്.

Share this story