പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു

atlas

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബൈ ആസ്റ്റർ മൻഖൂൾ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമാ നിർമാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. 

ശനിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിശ്ചയദാർഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം അദ്ദേഹം പടുത്തുയർത്തിയത്. ഓഗസ്റ്റിലാണ് അദ്ദേഹം തന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചത്. 

അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യങ്ങളിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടതുവഴിയാണ് ജനങ്ങൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ സുപരിചതനായത്. 2015 മുതൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിരവധി തിരിച്ചടികളാണ് ഉണ്ടായത്. ബിസിനസ് തകർന്നു. ദുബൈ കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചു. എല്ലാത്തിനെയും അതിജീവിച്ച് പതിയെ വിജയങ്ങളിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം. 

വൈശാലി, സുകൃതം, വാസ്തുഹാര തുടങ്ങിയ സിനിമകളുടെ നിർമാതാവും അദ്ദേഹമാണ്. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലാണ് അദ്ദേഹം സിനിമകൾ നിർമിച്ചത്. കൗരവർ, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ വിതരണ രംഗത്തും എത്തി. അറബിക്കഥ അടക്കം 14 സിനിമകളിൽ അഭിനയിച്ചു.
 

Share this story