സൗദി രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം നാളെ

റിയാദ്: സൗദിയുടെ ആഭ്യന്തര, വിദേശ നയങ്ങൾ വരച്ചുകാണിക്കുന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം നാളെ.(തിങ്കൾ). എട്ടാമത് ശൂറാ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ വെർച്വൽ രീതിയിൽ ഉദ്ഘാടനം ചെയ്താണ് രാജാവ് നയപ്രഖ്യാപന പ്രസംഗം നിർവഹിക്കുക. ശൂറാ കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമാണങ്ങൾക്കും വിശകലനങ്ങൾക്കും പഠനങ്ങൾക്കും അവലംബിക്കുന്ന സമീപന രീതിക്കുള്ള മാർഗരേഖയായിരിക്കും സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗമെന്ന് സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു. 

എട്ടാമത് ശൂറാ കൗൺസിലിന്റെ രണ്ടാം വർഷത്തിൽ കൗൺസിൽ 53 തവണയാണ് സമ്മേളിച്ചത്. ഇതിനിടെ 396 തീരുമാനങ്ങൾ കൈക്കൊള്ളുകയും സർക്കാർ വകുപ്പുകളുടെ 210 വാർഷിക റിപ്പോർട്ടുകൾ ഗഹനമായി വിശകലനം ചെയ്ത് അവയുമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ശൂറാ കൗൺസിൽ 34 ഔദ്യോഗിക സന്ദർശനങ്ങൾ നടത്തുകയും പങ്കാളിത്തങ്ങൾ വഹിക്കുകയും ചെയ്തു. പാർലമെന്ററി ഫ്രന്റ്ഷിപ്പ് കമ്മിറ്റികൾ പ്രാദേശിക, അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ സൗദി അറേബ്യയുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കാൻ മറ്റു രാജ്യങ്ങളിലെ പാർലമെന്റ് സംഘങ്ങളുമായും സൗദിയിലെ നയതന്ത്രജ്ഞരുമായും 44 മീറ്റിംഗുകൾ നടത്തിയതായും ശൂറാ കൗൺസിൽ സ്പീക്കർ പറഞ്ഞു.

Share this story