കോവിഡ് ആഘാതങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Digital

റിയാദ്: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി അറേബ്യയ്ക്ക് സഹായകരമായത് ആധുനിക സാങ്കേതികവിദ്യകളെന്ന് വിലയിരുത്തല്‍. പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതു മുതല്‍, പ്രതിസന്ധിയെ നേരിടാന്‍ ആരോഗ്യ മന്ത്രാലയം സാങ്കേതികവിദ്യയെ ആശ്രയിച്ച് തുടങ്ങിയിരുന്നു.

'സിഹത്തി' ആപ്ലിക്കേഷന്‍ വഴി, മന്ത്രാലയത്തിന്റെ അംഗീകൃത ഡോക്ടര്‍മാര്‍ അസുഖ ബാധിതരുമായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സംഭാഷണങ്ങളിലൂടെ ആശയവിനിമയം നടത്തി. ഇതിലൂടെ ഇ-കണ്‍സള്‍ട്ടേറ്റീവ് സേവനങ്ങളും വെര്‍ച്വല്‍ ക്ലിനിക്കുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ മന്ത്രാലയത്തിനു സാധിച്ചു. 24 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 3.8 ദശലക്ഷത്തിലധികം അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും 1.5 ദശലക്ഷം മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കാനും 9.5 ദശലക്ഷത്തിലധികം മെഡിക്കല്‍ റിപ്പോര്‍ട്ട്, അവധി സേവനങ്ങള്‍ നല്‍കാനും ആപ്ലിക്കേഷന് സാധിച്ചിട്ടുണ്ട്.

മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം ആരംഭിച്ച 'മാവിദ്' ആപ്ലിക്കേഷനും ഇ-ചികിത്സാ സേവന രംഗത്ത് വലിയ അളവില്‍ ഉപകാരപ്രദമായിരുന്നു.

ഹോം ക്വാറന്റൈനിനായി റഫര്‍ ചെയ്യപ്പെടുന്നവര്‍ക്ക് ആരോഗ്യ പരിരക്ഷയും പരിചരണവും ഒരുക്കുന്നതിനും ചികിത്സാ നടപടിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി, ആരോഗ്യ മന്ത്രാലയം 'തതമന്‍' എന്ന ആപ്ലിക്കേഷനും ആരംഭിച്ചിരുന്നു.

കോവിഡ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍, ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ദൈനംദിന ഫോളോ അപ്പുകള്‍, അറിയിപ്പുകള്‍, വിദേശയാത്രികരുടെ വിവരങ്ങള്‍, സ്ഥിരീകരിച്ച കേസുകളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് ഈ ആപ്പ് ഉപകാരപ്രദമായി.

ഒറ്റപ്പെട്ട കേസുകള്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരെ നേരിട്ട് വിളിച്ചറിയിക്കാനും സഹായമഭ്യര്‍ത്ഥിക്കാനും മറ്റു ഫോളോ അപ്പ് നടപടികള്‍ക്കും ആപ്ലിക്കേഷന്‍ വലിയ അളവില്‍ ഉപയോഗിച്ചു.

നടപടിക്രമങ്ങള്‍ സുഗമമാക്കാനും ആരോഗ്യ സേവനങ്ങള്‍ വേഗത്തിലാക്കാനുമുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമായി, 2022 തുടക്കത്തില്‍ സിഹത്തി, മാവിദ്, തതമന്‍ എന്നീ ആപ്ലിക്കേഷനുകളെ സഹാത്തി എന്ന പേരില്‍ ഒറ്റ ആപ്ലിക്കേഷനായി ലയിപ്പിച്ചു.

ആഗോള മഹാമാരിയെ നേരിടാനും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗവും വിവിധ സംരംഭങ്ങളും ഇ-സേവനങ്ങളും ആരംഭിച്ചിരുന്നു. ഇതെല്ലാമാണ് കോവിഡിനെ വിജയകരമായി പ്രതിരോധിക്കുന്നതില്‍ രാജ്യത്തെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.

Share this story