നിമിഷപ്രിയയുടെ കേസിൽ വിധി പറയാൻ മാറ്റി; സനയിലെ കോടതിക്ക് മുന്നിൽ വൻ പ്രതിഷേധം

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ(33) അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റി. വരുന്ന 28ന് കേസ് വീണ്ടും പരിഗണിക്കും. മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിനാളുകളാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയത്. 

നിമിഷപ്രിയയെ എത്രയും വേഗം വധശിക്ഷക്ക് വിധിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യൻ അംബാസിഡറും അറിയിച്ചു. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകൻ വാദിച്ചത്.

2017 ജൂലൈ 25നാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക്ക് നടത്തിയിരുന്നയാളാണ് നിമിഷപ്രിയ. തലാലിനെ നിമിഷപ്രിയയും സഹപ്രവർത്തക ഹനാനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.
 

Share this story