ആർപ്പുവിളികളോടെ ദർശനയുടെ തിരുവാതിരോത്സവം

ഷാർജ: ദർശന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ''തിരുവാതിരോത്സവം - 2022'' സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്‌ഘാടന കർമ്മം പ്രവാസി ക്ഷേമ നിധി ബോർഡിന്റെ സി.ഇ.ഒ എം.രാധാകൃഷ്ണൻ നിർവഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച അദ്ദേഹം പ്രവാസി പെൻഷനെക്കുറിച്ചും വ്യക്തമാക്കി. 

ആഘോഷ വേദിയിൽ  പ്രവാസികൾ നേരിടുന്ന വെല്ലുവിളികളിൽ അവർക്ക് വേണ്ടി ശബ്ദമുയർത്തുകയും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യാബ് ലീഗൽ സർവീസ് സി.ഇ.ഒ യും  സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. 

ഓണാഘോഷങ്ങളുടെ തുടക്കമായാണ് ദർശന ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. ആഘോഷപരിപാടിയോടനുബന്ധിച്ച് തിരുവാതിര മത്സരവും കുട്ടി മാവേലി മത്സരവും നടന്നു. ചടങ്ങിൽ ദർശന കലാസാംസ്കാരിക വേദിയുടെ പ്രസിഡന്റ് ശറഫുദ്ധീൻ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഖിൽ ദാസ് ഗുരുവായൂർ സ്വാഗതവും പ്രവാസി ക്ഷേമ നിധി ബോർഡിന്റെ ഡയറക്ടർ ആർ.പി.മുരളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യു ജോൺ,  ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ട്രഷറർ ശ്രീനാഥ് എന്നിവർ ആശംസകളറിയിച്ചു. ദർശനയുടെ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി ഓണസന്ദേശം നൽകി. ദർശനയുടെ ട്രഷറർ കെ.വി.ഫൈസൽ നന്ദി പറഞ്ഞു. 

മത്സരങ്ങൾക്കൊപ്പം പ്രവാസി കലാകാരന്മാരുടെ ഓണപ്പാട്ടും അരങ്ങേറി.

Share this story