ലോകകപ്പ് അവസാനിച്ചതോടെ സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രാ നടപടി പഴയ രീതിയിലേക്ക്

Saudi

റിയാദ്: ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര പഴയ രീതിയിലേക്ക്. ലോകകപ്പിന് മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലേയ്ക്ക് മാറ്റിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്പോർട്ട് അല്ലെങ്കിൽ ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടിന് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം. ഇവ പണയപ്പെടുത്തുകയോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വയ്ക്കുകയോ ചെയ്യരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ഗൾഫ് പൗരന്മാർക്ക് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ട്. എന്നാൽ, ലോകകപ്പ് കണക്കിലെടുത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി തിരിച്ചറിയൽ കാർഡിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗൾഫ് പൗരന്മാർക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നു. ഫുട്ബോൾ മത്സരത്തിനുള്ള ടിക്കറ്റും ‘ഹയ്യാ’ കാർഡും വാങ്ങിയ ശേഷം പാസ്പോർട്ട് ഉപയോഗിച്ചാണ് ഖത്തറിലേക്ക് കടക്കേണ്ടിയിരുന്നത്. പിന്നീട് ടിക്കറ്റില്ലാതെ ‘ഹയ്യാ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഖത്തറിലേക്ക് കടക്കാനും അനുവദിച്ചിരുന്നു.

അതേസമയം, ലോകകപ്പ് പൂർത്തിയായ ശേഷം ഖത്തറിലേക്കുള്ള വിസ നടപടി ക്രമങ്ങൾ പുനഃസ്ഥാപിച്ചു. വിദേശികൾക്ക് ഓൺ അറൈവൽ സംവിധാനത്തിലൂടെ ഖത്തറിൽ പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാൻ, തായ് ലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓൺ-അറൈവൽ കാലയളവിൽ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്.

Share this story