വാഹനം 20 മീറ്ററില്‍ കൂടുതല്‍ റിവേഴ്സെടുത്താല്‍ 300 റിയാല്‍ പിഴ; നടപടി കടുപ്പിച്ച് ട്രാഫിക് ഡയറക്ടറേറ്റ്

റിയാദ്: വാഹനം 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടെടുക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അധികൃതര്‍. 20 മീറ്ററില്‍ കൂടുതല്‍ വാഹനം റിവേഴ്‌സ് എടുക്കുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കും. 

നിയമ ലംഘകര്‍ക്കെതിരെ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. നിയമാനുസൃതമായ രീതിയില്‍ റോഡില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം റോഡിലെ അടുത്ത എക്‌സിറ്റ് റോഡ് വരെ വാഹനം ഓടിക്കുകയാണ് വേണ്ടത്. 

റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കാന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, അപ്രതീക്ഷിതമായി വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാല്‍ ഏഴു നടപടികളാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ടത്. 

സ്റ്റിയറിംഗ് വീല്‍ മുറുകെ പിടിക്കുക. ബ്രേക്ക് ചവിട്ടാന്‍ പാടില്ല. ആക്‌സിലേറ്ററില്‍ നിന്ന് കാല്‍പാദം ഉയര്‍ത്തുക. റോഡില്‍ വലതു വശത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തണം. ഇതിനു ശേഷം വാഹനം റോഡരികിലേക്ക് നീക്കണം. സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിലെ എമര്‍ജന്‍സി സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Share this story