അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി സമാഹരിച്ചു; തുടർ നടപടികളിലേക്ക് കടന്ന് ഇന്ത്യൻ എംബസി

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ സൗദിയിലെ ഇന്ത്യൻ എംബസി തുടർ നടപടികളിലേക്ക് കടന്നു. വാദി വിഭാഗം അഭിഭാഷകനുമായി എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മ പ്രതിനിധികളും ചർച്ച നടത്തും

അബ്ദുറഹീമിന്റെ മോചനത്തിന് ആവശ്യമായ തുക റെക്കോർഡ് സമയത്തിനുള്ളിൽ സ്വരൂപിക്കാൻ മലയാളികൾക്ക് സാധിച്ചിരുന്നു. ഈ തുക സൗദിയിൽ മരിച്ചയാളുടെ കുടുംബത്തെ ഏൽപ്പിച്ച് അബ്ദുറഹീമിനെ മോചിപ്പിക്കുക എന്നതാണ് ഇനിയുള്ള ദൗത്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 

പണം സൗദിയിലെത്തിക്കാനുള്ള വഴികൾ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മോചനദ്രവ്യമായ 15 മില്യൺ റിയാൽ തയ്യാറാണെന്ന് വാദിവിഭാഗം വക്കീലിനെ എംബസി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മ പ്രതിനിധികളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ബോധ്യപ്പെടുത്തും.

Share this story