പൊതുസ്ഥലങ്ങളിലെ പ്രവേശനം; ഗ്രീന്‍പാസ് നിലനിര്‍ത്താന്‍ മാസത്തില്‍ ഒരിക്കല്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍

പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് ഗ്രീന്‍ പാസ് വേണം

അബുദാബി: അബുദാബിയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഗ്രീന്‍പാസ് നിലനിര്‍ത്താന്‍ മാസത്തില്‍ ഒരിക്കല്‍ പി.സി.ആര്‍ പരിശേധന നടത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 30 ദിവസമാണ് ഗ്രീന്‍പാസിന്റെ കാലാവധി. വാക്‌സിനോ പി.സി.ആറോ എടുത്തവര്‍ കൊവിഡ് മുക്തരാണെന്ന് അല്‍ഹൊസന്‍ ആപ്പില്‍ അറിയിക്കുന്ന സംവിധാനമാണ് ഗ്രീന്‍പാസ്. 

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് ഗ്രീന്‍ പാസ് വേണം. ഗ്രീന്‍ പാസ് നോക്കിയാണ് അബുദാബിയിലെ ഷോപ്പിങ് മാളുകളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. റസ്റ്റോറന്റ്, കോഫി ഷോപ്പ്, ജിം, മറ്റു വിനോദ, കായിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണം. കൂടാതെ റിസോര്‍ട്ട്, മ്യൂസിയം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്ക്, സ്വകാര്യ, പൊതു സ്‌കൂളുകള്‍, നഴ്‌സറികള്‍ എന്നിവിടങ്ങളിലും ഗ്രീന്‍ പാസ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുണ്ട്.

എന്നാല്‍ 16 വയസ്സിനു താഴെയുള്ളവര്‍ക്ക് ടെസ്റ്റ് എടുക്കാതെ തന്നെ ഗ്രീന്‍ പാസ് നിലനിര്‍ത്താം. രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആറ് മാസം പിന്നിട്ടിട്ടും വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് നല്‍കിയ ഒരു മാസത്തെ ഇളവുകാലം സെപ്റ്റംബര്‍ 20-ന് അവസാനിച്ചു.

ഇങ്ങനെ വാക്‌സിന്‍ എടുക്കാത്തവരുടെ അല്‍ഹൊസന്‍ ഫയല്‍ ഗ്രേ നിറത്തിലേക്കു മാറും. അതേസമയം, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന്  അല്‍വഹ്ദ മാള്‍ ജനറല്‍ മാനേജര്‍ നവനീത് സുധാകരന്‍ പറഞ്ഞു.

Share this story