പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

എയർ ഇന്ത്യ

ദമാം: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സഊദി അറേബ്യയിലെ റിയാദ്, ദമാം നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ 2026 നവംബര്‍ ഏഴ് വരെയും ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെയും റദ്ദാക്കിയതായി എയര്‍ലൈനുകള്‍ ഔദ്യോഗികമായി അറിയിച്ചു. ആകാശ എയര്‍ ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 10 വരെയും റിയാദിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും നിര്‍ത്തിവച്ചതിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം.

വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതും തുടര്‍യാത്രകള്‍ ക്രമീകരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ മക്കയിലും മദീനയിലും കഴിയുന്ന തീര്‍ഥാടകര്‍ക്ക് സഹായം നല്‍കാന്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ജിദ്ദയിലെയും മക്കയിലെയും കോണ്‍സുലേറ്റ് ജനറല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായും സന്നദ്ധപ്രവര്‍ത്തകരുമായും സഹകരിച്ച്, ഭക്ഷണം, അവശ്യ മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങള്‍ എന്നിവ ക്രമീകരിക്കാന്‍ കോണ്‍സുലേറ്റ് മുഴുവന്‍ സമയവും രംഗത്തുണ്ട്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി റീഫണ്ട് ചെയ്യാനോ അല്ലെങ്കില്‍ അധിക നിരക്കുകളില്ലാതെ തീയതി മാറ്റാനോ ഉള്ള സൗകര്യം വിമാനക്കമ്പനികള്‍ നല്‍കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പായി അതാത് എയര്‍ലൈനുകളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റുകള്‍ വഴിയോ കസ്റ്റമര്‍ കെയര്‍ വഴിയോ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് ഉറപ്പുവരുത്താന്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയും നിര്‍ദേശിച്ചിട്ടുണ്ട്.

റിയാദ്, ദമാം സെക്ടറുകളില്‍ ഒക്ടോബര്‍ 24-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് നവംബര്‍ ഏഴ് വരെയുള്ള യഥാര്‍ഥ യാത്രാ തീയതികള്‍ക്ക് പകരം സഊദി അറേബ്യ, ബഹ്റൈന്‍, ഇന്ത്യ എന്നിവിടങ്ങളിലെ ഏതെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സ്റ്റേഷനുകളിലേക്ക് ഒറ്റത്തവണ സൗജന്യ റീബുക്കിംഗ് നടത്താമെന്നും, സീറ്റുകളുടെ ലഭ്യതക്ക് വിധേയമായി നവംബര്‍ 21-നകം ഈ പുതുക്കിയ യാത്ര പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. റീബുക്കിംഗ് നടത്തുന്നതിനും ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനും എയര്‍ലൈനിന്റെ കോണ്‍ടാക്റ്റ് സെന്ററുകള്‍ വഴിയോ സിറ്റി ബുക്കിംഗ് ഓഫീസുകള്‍ വഴിയോ സഹായം തേടാവുന്നതാണ്; ഇതിനായി എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് +91 11 69329333, +91 11 69329999 എന്നീ നമ്പറുകളിലും, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് +91 124 6935600 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags

Share this story