അജ്യാല്‍ ചലച്ചിത്രമേള നവംബര്‍ ഏഴിന്

Gulf

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരാഴ്ച നീളുന്ന അജ്യാല്‍ ചലച്ചിത്ര മേളയ്ക്ക് നവംബര്‍ ഏഴിന് തുടക്കമാകും. ചലച്ചിത്രമേളയ്ക്കുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഡ്രൈവ് ഇന്‍ സിനിമ ഉള്‍പ്പെടെ അജ്യാല്‍ ചലച്ചിത്രമേളയില്‍ ഉണ്ടായിരിക്കും.

നവംബര്‍ ഏഴു മുതല്‍ 13 വരെ നീളുന്ന മേളയില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് ഡി.എഫ്.ഐ ഫെസ്റ്റിവല്‍ ഡയറക്ടറും സി.ഇ.ഒയുമായ ഫത്മ ഹസന്‍ അല്‍റിമെയ്ഹി അറിയിച്ചു. 

കൊവിഡില്‍ നിന്ന് മുക്തമായി സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പ്രെസ് പ്ലേ' എന്നതാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം.

ആവശ്യമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ മേള നടക്കുന്നത്. എന്നാല്‍, തീയറ്ററുകളിലെത്തി സിനിമ കാണുന്നതിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കാനും കലാ പ്രദര്‍ശനം കാണാനും അവസരമുണ്ട്. 

അജ്യാലിന്റെ സാംസ്‌കാരിക ഇടമായ ഗ്രീക്ക് ഡോം, സംഗീത വിരുന്നൊരുക്കുന്ന അജ്യാല്‍ ട്യൂണ്‍സ്, കമ്യൂണിറ്റി പരിപാടികള്‍ എന്നിവയും  ആസ്വദിക്കാം.

Share this story