ഖത്തറില്‍ അല്‍ വക്രയിലെ റോഡ് താല്‍ക്കാലികമായി അടക്കുമെന്ന് അഷ്ഗാല്‍

Quatar

ദോഹ: ഖത്തറില്‍  ഗതാഗതത്തിനായി അല്‍ വാബ് സ്ട്രീറ്റിലെ രണ്ട് ഇന്റര്‍സെക്ഷനുകള്‍ തുറക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു. അതേസമയം, അല്‍ വക്രയിലെ ഒരു ഇന്റീരിയര്‍ റോഡ് താല്‍ക്കാലികമായി അടക്കുമെന്നും അഷ്ഗാല്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

അല്‍ വക്ര റോഡിലൂടെയുള്ള ഇബ്ന്‍ സീന്‍സ് സ്ട്രീറ്റില്‍ നിന്നുള്ള പ്രവേശനവും ഒരു മാസത്തേക്ക് ഉണ്ടായിരിക്കില്ലെന്ന് അഷ്ഗാല്‍ അറിയിച്ചു. 2021 ഡിസംബര്‍ 21 മുതല്‍ 2022 ജനുവരി 20 വരെയാണ് ഈ അടച്ചിടല്‍. ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏകോപനത്തോടെ റോഡിന്റെ പണികള്‍ക്ക് വേണ്ടിയാണ് അടച്ചിടുന്നത്.അല്‍ വക്ര റോഡ് അടച്ചിടുന്നതിനെ തുടര്‍ന്ന് ഗതാഗതത്തിനായി യാത്രക്കാര്‍ക്ക് അല്‍ സുവൈര്‍ സ്ട്രീറ്റ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 

ഇതിന് പുറമെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് 2021 ഡിസംബര്‍ 25 ശനിയാഴ്ച അല്‍ വാബ് സ്ട്രീറ്റിലെ ബയ ഇന്റര്‍സെക്ഷനും ഡിസംബര്‍ 31  വെള്ളിയാഴ്ച ഖലീഫ ഒളിമ്പിക് സിറ്റി ഇന്റര്‍സെക്ഷനും ഗതാഗതത്തിനായി തുറക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി ട്വീറ്ററിലൂടെ അറിയിച്ചു.

ഈ ഇന്റര്‍സെക്ഷനുകള്‍ തുറക്കുന്നതിലൂടെ അല്‍ അസീസിയ, അല്‍ വാബ്, മെഹൈര്‍ജ, മുറൈഖ്, മുഐതര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം സുഗമമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആസ്പയര്‍ സോണിലേക്കും ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കുമുള്ള വാണിജ്യ, മെഡിക്കല്‍, വിദ്യാഭ്യാസ, കായിക സൗകര്യങ്ങളിലേക്കും ഉപയോക്താക്കളെ ഈ റോഡുകള്‍ ബന്ധിപ്പിക്കുമെന്നും പൊതുമരാമത്ത് വ്യക്തമാക്കി.

Share this story