സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഷൈബ എണ്ണപ്പാടത്തിനും നേരെ നടന്ന ആക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും റിയാദിലെ ഇന്ത്യൻ എംബസിയുമാണ് വിവരം സ്ഥിരീകരിച്ചത്.
ദമ്മാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. ഇവിടെ ഉണ്ടായ ആക്രമണത്തിൽ മറ്റ് രണ്ട് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് (Shaybah Oilfield) നേരെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് മറ്റൊരു ഇന്ത്യൻ പൗരന് പരിക്കേറ്റത്.
സാധാരണക്കാർക്ക് നേരെയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങൾ പൂർണ്ണമായും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇത് ഉടനടി അവസാനിപ്പിക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ അപലപിച്ചു. സൗദിയിലെ ഇന്ത്യൻ എംബസി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും പരിക്കേറ്റവർക്കും മരണപ്പെട്ടയാളുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
