ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഗതാഗത നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇറാൻ

ഹോർമൂസ്

ദുബായ്: ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ ഉണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തിന് പിന്നാലെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്ന് ഇറാൻ വീണ്ടും പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും (IMO) ഒമാനും ചേർന്ന് യുദ്ധത്തിൽ കുടുങ്ങിക്കിടന്ന കപ്പലുകളെ ഒഴിപ്പിക്കാനായി തയാറാക്കിയ പുതിയ തെക്കൻ യാത്രാ ഇടനാഴിയെ ഇറാൻ ശക്തമായി എതിർത്തു.

​അമേരിക്കയുമായുള്ള താൽക്കാലിക സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് സിംഗപ്പൂർ പതാകയുള്ള 'എവർ ലൗലി' (Ever Lovely) എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്തിന് (Bridge) കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) അയച്ച ഡ്രോണാണ് കപ്പലിൽ ഇടിച്ചതെന്ന് യു.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

​തങ്ങൾ നിർദ്ദേശിച്ച വടക്കൻ പാതയല്ലാതെ, ഒമാൻ തീരത്തോട് ചേർന്നുള്ള ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. തങ്ങളുടെ അനുമതിയില്ലാതെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് വിദേശ എണ്ണടാങ്കറുകളെ ഇറാൻ നാവികസേന കഴിഞ്ഞ ദിവസം തിരിച്ചയക്കുകയും ചെയ്തു.

​ആക്രമണത്തെ തുടർന്ന് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ദൗത്യം ഐക്യരാഷ്ട്രസഭ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ടോൾ അല്ലെങ്കിൽ പ്രത്യേക ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും ശക്തമായി എതിർക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയാണ്.

Tags

Share this story