സൗദിയില്‍ യുവതിയെയും കുഞ്ഞിനെയും ഇന്ധനം ഒഴിച്ച് തീകൊളുത്താന്‍ ശ്രമം: പ്രവാസി അറസ്റ്റില്‍

റിയാദ്:  സൗദിയില്‍ യുവതിയെയും കുഞ്ഞിനെയും ഇന്ധനം ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച വിദേശിയെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. യുവതിയെയും കുഞ്ഞിനെയും ആക്രമിച്ച ശേഷം തീകൊളുത്താനായി ഇന്ധനം ഒഴിച്ച് ഭീതി സൃഷ്ടിക്കുന്നതിനിടയിലാണ് സുരക്ഷ സേന പ്രതിയെ അറസ്റ്റ് ചെയ്തത്. 

അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ചതിന് അല്‍ ബസിമിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് യെമന്‍ പൗരനെ അറസ്റ്റ് ചെയ്തത്. 

യുവതിയുമായി യുവാവ് ഇതിന് മുമ്പ് തര്‍ക്കം ഉണ്ടായിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സുരക്ഷാ അധികാരികള്‍ക്ക് കഴിഞ്ഞതായി ഖസിം മേഖല പൊലീസ് മാധ്യമ വക്താവ് പറഞ്ഞു.

പ്രതി യെമന്‍ പൗരനാണെന്നും അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ചുവെന്നുമാണ് പ്രാഥമിക നിഗമനത്തിലെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നത്. ഇയാള്‍ക്കെതിരെയുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചെന്നും പ്രതിയെ പബ്ലിക് പ്രോസിക്യൂഷന്‍ ബ്രാഞ്ചിലേക്ക് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this story