നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ബഹറൈനിലെത്തി

നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ബഹറൈനിലെത്തി

മനാമ: ബഹറൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ബഹറൈനിലെത്തി. മുന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹക്ക് ശേഷം കഴിഞ്ഞ ആറ് മാസമായി ഇന്ത്യന്‍ കാര്യാലയത്തില്‍ സ്ഥാനപതിയുണ്ടായിരുന്നില്ല.

പിയൂഷ് ശ്രീവാസ്തവയാണ് അടുത്ത അംബാസഡറെന്ന് കഴിഞ്ഞ ഏപ്രിലില്‍ വാര്‍ത്ത വന്നെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ചുമതലയേല്‍ക്കാന്‍ എത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (നോര്‍ത്ത്) സ്ഥാനത്ത് നിന്നാണ് അദ്ദേഹം ബഹറൈനിലെത്തുന്നത്.

നേരത്തെ ജര്‍മനി, ഭൂട്ടാന്‍, നേപ്പാള്‍, ഘാന എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ ജര്‍മന്‍ ഭാഷയിലും നിപുണനാണ്. ബഹറൈനിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായിരിക്കും അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുക.

Share this story