സൗദിയിലെ മാറ്റങ്ങൾ ഇനി മലയാളത്തിലും; ആദ്യ മലയാളം എഫ്.എം സ്റ്റേഷന് അനുമതി

Radio Saudi

ജിദ്ദ :സൗദിയിൽ ഇത് മാറ്റങ്ങളുടെ കാലമാണ്.പല മേഖലകളിലും അടുത്തിടെ പ്രഖ്യാപിച്ച ഭേദഗതികൾ പ്രക്ഷേപണ രംഗത്തും വരും നാളുകളിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് വഴി തുറക്കും.ഇതിന്റെ ഭാഗമായി സൗദിയിൽ മലയാളമടക്കം നാല് ഭാഷകളിൽ എഫ്.എം റേഡിയോക്ക് ആദ്യമായി അനുമതി ലഭിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കാപിറ്റൽ റേഡിയോ നെറ്റ്‍വർക്കിനാണ് സൗദി മന്ത്രാലയങ്ങളുടെ അനുമതിയായത്. ജൂലൈ മുതൽ മലയാളം എഫ്.എം പ്രവർത്തനം തുടങ്ങും.

സൗദിയിൽ ആദ്യമായാണ് വിദേശ ഭാഷാ എഫ്.എം ഫ്രീക്വൻസിക്ക് അനുമതി ലഭിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫിലിപ്പീനോ ഭാഷകളിൽ റേഡിയോ സംപ്രേഷണത്തിനാണ് അന്തിമ അനുമതി ലഭിച്ചത്. വാർത്തകൾക്കും വിനോദത്തിനും പ്രത്യേകം ലൈസൻസുകൾ ലഭ്യമായിട്ടുണ്ട്. ഇതോടെ ജൂലൈ മുതൽ മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സൗദിയിൽ എഫ്.എം ലഭ്യമാകും. ആദ്യ എഫ്.എം സ്റ്റേഷന്റെ ലോഗോ ജിദ്ദയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രൂപ്പ് പുറത്തിറക്കി.

സൗദിയിലെ മലയാളി നിക്ഷേപകനും ക്ലസ്റ്റർ അറേബ്യ കമ്പനി സി.ഇ.ഒയുമായ മലപ്പുറം സ്വദേശി റഹീം പട്ടർക്കടവന്റെ കീഴിലാണ് കാപിറ്റൽ റേഡിയോ നെറ്റ്‍വർക്ക് എന്ന പേരിലുള്ള എഫ്.എം സ്റ്റേഷനുകൾ ആരംഭിക്കുക. ഇതിനുള്ള ഫ്രീക്വൻസികളും ലൈസൻസുകളും ലഭ്യമായിക്കഴിഞ്ഞു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ പ്രത്യേകം ഫ്രീക്വൻസികളിൽ ലഭിക്കുന്ന എഫ്.എം സ്റ്റേഷൻ പ്രവാസികളുടെ പ്രിയ റേഡിയോ സ്റ്റേഷനാകുമെന്ന് ഗ്രൂപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

സൗദിയിലെ മൂന്ന് പ്രധാന പ്രവിശ്യകളിലും മൂന്ന് ഭാഷകളിൽ എഫ്.എം ലഭ്യമാകും. റിയാദ് ജിദ്ദ ദമ്മാം നഗരങ്ങളിലെല്ലാം പ്രത്യേകം സ്റ്റുഡിയോ ഇതിനായി തുറക്കും. ലൈസൻസ് ലഭ്യമാക്കാൻ അവസരമൊരുക്കിയ സൗദി ഭരണാധികാരികൾക്ക് കാപിറ്റൽ റേഡിയോ നെറ്റ്‍വർക്ക് മേധാവികൾ നന്ദി പറഞ്ഞു.

Share this story