സൗദിയിൽ മദ്യക്കടത്ത് സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; സംഭവസ്ഥലം വഴി കടന്നുപോയ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു
സൗദിയിൽ മദ്യക്കടത്ത് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിൽ ജാർഖണ്ഡ് സ്വദേശിയായ 27കാരൻ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഗിരിഡി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹ്‌തോയാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
ഹ്യൂണ്ടായ് എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിരുന്നു. കമ്പനി നിർദേശപ്രകാരം ജോലി സ്ഥലത്ത് നിന്ന് സാധനങ്ങൾ എടുക്കാൻ പോയ സമയത്താണ് മദ്യക്കടത്ത് സംഘവും സൗദി പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇതുവഴി കടന്നുപോയ വിജയ് കുമാറിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. വെടിവെപ്പിൽ തനിക്ക് പരുക്കേറ്റെന്ന് പറഞ്ഞ് വിജയ് കുമാർ ഭാര്യക്ക് വാട്‌സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നു. പരുക്കേറ്റെങ്കിലും വിജയ് കുമാർ രക്ഷപ്പെട്ടുവെന്നാണ് കുടുംബം ആദ്യം കരുതിയിരുന്നത്. സംഭവത്തിൽ നിക്ഷപക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഡുമ്രി എംഎൽഎ ആയ ജയറാം കുമാർ മഹ്‌തോ സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്തെഴുതി.
