ദുബായിലെ പുരാവസ്തു-ചരിത്ര സ്മാരക സംരക്ഷണം; പുതിയ നിയമം പുറപ്പെടുവിച്ച് ഷെയ്ഖ് മുഹമ്മദ്

Dubai

ദുബായ്: ദുബായ് എമിറേറ്റിലെ പുരാവസ്തുക്കളും ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം (Law No. 11 of 2026) പുറപ്പെടുവിച്ചു. ദുബായുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കാത്തുസൂക്ഷിക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

​ദുബായിലെ കരഭൂമി, കടൽ അതിർത്തികൾ, പർവ്വത മേഖലകൾ എന്നിവടങ്ങളിൽ നിലവിലുള്ളതും പുതുതായി കണ്ടെത്തുന്നതുമായ എല്ലാ പുരാവസ്തുക്കൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. ദുബായ് ഇന്റർനാഷണൽ ഫൈനാൻഷ്യൽ സെന്റർ (DIFC) ഉൾപ്പെടെയുള്ള പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളും ഇതിന്റെ പരിധിയിൽ വരും.

പ്രധാന നിയമങ്ങളും നിർദ്ദേശങ്ങളും:

  • സർക്കാർ ഉടമസ്ഥത: കൃത്യമായ രേഖകളില്ലാത്ത ദുബായിൽ കണ്ടെത്തുന്ന എല്ലാ പുരാവസ്തുക്കളും എമിറേറ്റിന്റെ പൊതുസ്വത്തായി കണക്കാക്കും.
  • ഭൂവുടമസ്ഥതയും അവകാശവും: ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തിയാലും അതിന്മേൽ ഭൂവുടമയ്ക്ക് അവകാശമുണ്ടായിരിക്കില്ല. അതോറിറ്റിയുടെ അനുമതിയില്ലാതെ സ്വകാര്യ ഭൂമിയിൽ പോലും ഖനനം നടത്താൻ പാടില്ല.
  • ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി: പുതിയ നിയമപ്രകാരം പുരാവസ്തുക്കളുടെയും ചരിത്ര സ്മാരകങ്ങളുടെയും മേൽനോട്ട ചുമതല പൂർണ്ണമായും 'ദുബായ് കൾച്ചർ' അതോറിറ്റിക്കായിരിക്കും.
  • കൈമാറ്റ വിലക്ക്: ദുബായുടെ ഉടമസ്ഥതയിലുള്ള ചരിത്രശേഷിപ്പുകൾ അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ആർക്കും സമ്മാനമായി നൽകാനോ കൈമാറാനോ പാടില്ല. പ്രദർശനങ്ങൾക്കോ പഠനങ്ങൾക്കോ വേണ്ടി ഇവ താൽക്കാലികമായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും കർശന അനുമതി ആവശ്യമാണ്.

​ചരിത്രപരമായ കണ്ടെത്തലുകളെ കൃത്യമായി രേഖപ്പെടുത്താനും ദുബായുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും പുതിയ നിയമം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags

Share this story