പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കൽ: പുതിയ നടപടികളുമായി കുവൈറ്റ്

Visa Kuwait

കുവൈറ്റ്: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ട് പുതിയ നടപടികളുമായി കുവൈറ്റ്. ഇതിന്റെ ഭാഗമായി ‘കുവൈറ്റ് വിസ’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഈ ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം രാജ്യത്ത് ആരംഭിച്ചു. പ്രവാസികളുടെയും, സന്ദർശകരുടെയും എൻട്രി സ്റ്റാറ്റസ് പരിശോധിക്കുന്നതിനും, ഇലക്ട്രോണിക് മാർഗങ്ങളിലൂടെ എൻട്രി വിസകൾക്ക് പ്രവേശനാനുമതി നൽകുന്നതും ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്.

പ്രവാസികൾക്കും, സന്ദർശകർക്കും കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുൻപായി ഇത്തരം നടപടികളുടെ സാധുത ഉറപ്പ് വരുത്തുന്നതിനും ഈ ആപ്പ് സഹായകമാകും. വിവിധ രാജ്യങ്ങളിൽ കുറ്റവാളികളായവരുടെയും, പിടികിട്ടാപ്പുള്ളികളായവരുടെയും, വിവിധ തരത്തിലുള്ള പകർച്ചവ്യാധികളുള്ളവരുടെയും കുവൈറ്റിലേക്കുള്ള പ്രവേശനം തടയുന്നതിനും ഈ ആപ്പ് ഉപയോഗിക്കും. രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ വിമാനകമ്പനികൾ, വിദേശരാജ്യങ്ങളിലെ കുവൈറ്റ് എംബസികൾ എന്നിവരുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സംവിധാനം പ്രാവർത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

Share this story