ക്രൂയിസ് ടൂറിസം സീസണ് തുടക്കം; 1,252 വിനോദസഞ്ചാരികളുമായി ജർമൻ ആഡംബര കപ്പൽ യുഎഇ തീരത്തെത്തി

UAE

ദുബായ്: മെയിന്‍ ഷിഫ് 6 എന്ന ജര്‍മ്മന്‍ ആഡംബര കപ്പല്‍ 1,252 വിനോദ സഞ്ചാരികളുമായി യുഎഇയിലെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രൂയിസ് ടൂറിസം സീസണിന് ഇതോടെ വര്‍ണാഭമായ തുടക്കമായി.

2015 ഡിസംബറില്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയ ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് അബുദാബി എമിറേറ്റിലെ ആദ്യത്തെ ക്രൂയിസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. എഡി പോര്‍ട്ട് ഗ്രൂപ്പ് വികസിപ്പിച്ച ക്രൂയിസ് ടെര്‍മിനല്‍ അബുദാബി എമിറേറ്റിലെ ക്രൂയിസ് കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള അടിസ്ഥാന സൗകര്യം വാഗ്ദാനം ചെയ്യുന്നു.

അബുദാബിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്രൂയിസ് ടെര്‍മിനല്‍ യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ വാണിജ്യ തുറമുഖമായ സായിദ് പോര്‍ട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. വിശാലമായി 7,800 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ടെര്‍മിനലിന് ഒരേസമയം മൂന്ന് കപ്പലുകള്‍ക്ക് ആതിഥേയത്വം വഹിക്കാനാകും.

ആഡംബര കപ്പലിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അബുദാബിയുടെ സംസ്‌കാരവും പൈതൃകവും അറിയാനും ആസ്വദിക്കാനുമുള്ള അവസരങ്ങള്‍ അബുദാബി ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കുന്നു. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ പദ്ധതികള്‍ ടെര്‍മിനല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയ്ക്കായി എയര്‍ലൈന്‍ ചെക്ക്-ഇന്‍, ലഗേജുകള്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ബാഗേജ് സേവനങ്ങള്‍ തുടങ്ങിയ വിപുലമായ സേവനങ്ങള്‍ ക്രൂയിസ് ടെര്‍മിനല്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ടെര്‍മിനലിനോട് ചേര്‍ന്നുള്ള എഫ് ആന്‍ഡ് ബി ഹബ്ബായ മാര്‍സ മിന അറേബ്യന്‍ ആതിഥ്യത്തിന്റെ മഹനീയത സഞ്ചാരികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു.
വിനോദത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ് അറബ് നാട്ടിലെ ഈ ക്രൂയിസ് ടെര്‍മിനല്‍. ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം ആരോഗ്യവും സുരക്ഷയും അതിഥികളുടെ ക്ഷേമവും ടെര്‍മിനലിന്റെ മുഖ്യ പരിഗണനയില്‍പ്പെടുന്നു.

ക്രൂയിസ് പ്രവര്‍ത്തനങ്ങള്‍ അബുദാബിയില്‍ പുനരാരംഭിക്കുന്നതിലും യുഎഇയുടെ തലസ്ഥാനത്തേക്ക് സന്ദര്‍ശകരെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നതിലും തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്ന് എഡി പോര്‍ട്ട് ഗ്രൂപ്പ് പോര്‍ട്ട് ക്ലസ്റ്റര്‍ മേധാവി സെയ്ഫ് അല്‍ മസ്‌റൂയി പറഞ്ഞു. യുഎഇയുടെ ക്രൂയിസ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും തങ്ങള്‍ പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധരാണെന്നും അബുദാബിയുടെ വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് ഈ വ്യവസായം ഒരു പ്രധാന ഘടകമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബിയുടെ ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന എല്ലാ സഞ്ചാരികളുടെയും ക്ഷേമം ഉറപ്പു വരുത്തുമെന്നും അതിനായി ടെര്‍മിനലിലുടനീളം നിരവധി ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നുണ്ട് എന്നും സെയ്ഫ് അല്‍ മസ്‌റൂയി പറഞ്ഞു. അബുദാബിയില്‍ പൂര്‍ണ സുരക്ഷിതത്വത്തോടെ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സാധിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

Share this story