ദുബായ് എക്‌സ്‌പോ 2020: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ

ദുബായ്: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ. ദുബായ് എക്‌സ്‌പോയോടനുബന്ധിച്ചാണ് പുതിയ തീരുമാനം. യുഎഇയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ ഇടയ്ക്കിടെ തങ്ങളുടെ പേരുകളിൽ മാറ്റം വരുത്താറുണ്ട്. പ്രത്യേക ഇവന്റുകൾ നടത്തുമ്പോഴാണ് മൊബൈൽ നെറ്റ്‌വർക്കുകൾ പേരിൽ മാറ്റം വരുത്തുന്നത്.

ചൊവ്വാഴ്ച്ചയാണ് ഇത്തിസലാത്തും ഡു മൊബൈൽസും എക്‌സ്‌പോ 2020 എന്നു കൂടി പേരിൽ ചേർത്തത്. ദുബായ് എക്‌സ്‌പോ ആരംഭിക്കാൻ രണ്ടാഴ്ച്ച കൂടി മാത്രം ശേഷിക്കെയാണ് ഇത്തരമൊരു നടപടി. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്. മാർച്ച് 31 ന് എക്‌സ്‌പോ അവസാനിക്കും. ആറു മാസ കാലത്തേക്കാണ് എക്‌സ്‌പോ നടക്കുക.

കഴിഞ്ഞ ദിവസം എക്‌സ്‌പോ വേദികളിലൂടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൈക്കിൾ സവാരി നടത്തിയിരുന്നു. എക്‌സ്‌പോ 2020 ൽ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്‌സ്‌പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.

Share this story