ദുബായ് എക്‌സ്‌പോ 2020: ഇന്ത്യൻ പവലിയൻ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അബുദാബി ഡയലോഗിൽ പങ്കെടുക്കാനായി യുഎഇയിൽ എത്തിയപ്പോഴാണ് അദ്ദേഹം എക്‌സ്‌പോ വേദി സന്ദർശിച്ചത്. ഇന്ത്യയുടെ വൈവിധ്യവും സാധ്യതകളും ഒരു പോലെ ലോകത്തെ ബോധ്യപ്പെടുത്താൻ എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എക്‌സ്‌പോയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ എത്തുന്നത് ഈ എക്‌സ്‌പോയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി, ലേബർ കോൺസൽ ടാഡു മാമു തുടങ്ങിയവരും വി മുരളീധരനൊപ്പം ഉണ്ടായിരുന്നു.

ദുബായിയിൽ നടക്കുന്ന അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് കേന്ദ്ര വിദേശകാര്യ വി മുരളീധരനായിരുന്നു. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ കരാർ തൊഴിലാളികളെ സംഘടിപ്പിക്കൽ, അവരുടെ അനുഭവങ്ങൾ പങ്കിടൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് അബുദാബി ഡയലോഗ്. തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം സുഗമമാക്കാനും ഈ വേദി സഹായിക്കും .ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറു രാജ്യങ്ങൾ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ് അബുദാബി ഡയലോഗിൽ പങ്കെടുത്തത്.

Share this story