ദുബായ് എക്‌സ്‌പോ 2020; കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകും

ദുബായ്:
എക്‌സ്‌പോ നഗരിയിൽ മുതിർന്നവർ ആവശ്യപ്പെടുന്ന ഓരോ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കുട്ടികൾക്ക് ഒരു ഭക്ഷ്യക്കിറ്റ് സൗജന്യമായി നൽകും. ബുധനാഴ്ച വരെയാണ് നിശ്ചിത സ്ഥലങ്ങളിൽ ഈ സൗജന്യ ഓഫർ നൽകുക. മുതിർന്നവർക്ക് വേണ്ടി ആവശ്യപ്പെടുന്ന എല്ലാ പ്രധാന ഭക്ഷണത്തോടൊപ്പമാണ് 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത്.

ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി മേഖലകളിലെല്ലാം ഇത്തരത്തിൽ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകും. കുട്ടികൾക്കും കുടുംബത്തിനും വൈവിധ്യമാർന്ന പരിപാടികളുമായി എക്‌സ്‌പോ നഗരിയിൽ വാരാന്ത്യഘോഷം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

കലാപരിപാടികൾ, കരകൗശലപ്രദർശനം, ലൈറ്റ് ഷോ, ലൈവ് ഷോ എന്നിവയ്ക്ക് പുറമേ ചില റസ്റ്ററന്റുകൾ കുട്ടികൾക്ക് ഭക്ഷണം സൗജന്യമായി നൽകുന്നുണ്ട്. ഡിസംബർ 15 മുതൽ എക്‌സ്‌പോ നഗരിയിൽ കുട്ടികൾക്ക് മാത്രമായി ശൈത്യകാല തമ്പും തുറക്കും. കുട്ടികളുടെ സർഗ, കലാശേഷി പരിപോഷിപ്പിക്കുന്ന പരിപാടികളുടെയും വേദിയായിരിക്കും ഇവ.

Share this story