വൈവിധ്യങ്ങളുടെ സൗന്ദര്യ കാഴ്ച; ദുബൈ എക്‌സ്‌പോയിൽ അഭിമാനമാകുന്ന ഇന്ത്യൻ പവലിയൻ

ദുബൈ: എക്സ്പോ 2020ലെ മൂന്ന് തീമാറ്റിക് ജില്ലകളിലൊന്നായ ഓപർച്യൂണിറ്റിയിലാണ് ഇന്ത്യൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങളിലേക്ക് ലോകത്തിനായി തുറന്നിട്ട ഒരു വാതിൽ കൂടിയാണിത്. കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന മഹത്തായ ഈ രാജ്യത്തിന്റെ വിവിധ സംസ്‌കാരങ്ങളും ഭാഷകളും കലകളും പവലിയൻ ലോകത്തെ പരിചയപ്പെടുത്തുന്നു. ഏകദേശം ഒരു ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്നതാണ് പവലിയൻ. അവസരം, വളർച്ച, സുസ്ഥിരത എന്നീ വിശാലമായ പ്രമേയങ്ങളാണ് ഇന്ത്യ ലോകത്തോട് പങ്കുവെക്കുന്നത്. 

കാലാവസ്ഥ, നഗരവികസനം, ആരോഗ്യം, ക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശ പര്യവേക്ഷണം, വ്യവസായം, കല തുടങ്ങിയ തീമുകളിലൂന്നിയാണ് പവലിയനിലെ കാഴ്ചകൾ.  പ്രധാന വാതിലിലൂടെ നമ്മൾ കടന്നുചെല്ലുന്നത് രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ സംഭവ വികാസങ്ങളിലേക്കും യോഗ, ആയുർവേദം തുടങ്ങിയ വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങളിലേക്കുമാണ്. 75ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ചു കൊണ്ടിരിക്കെയാണ് രാജ്യം ലോകത്തിന് മുന്നിൽ അഭിമാനാർഹമായ നേട്ടങ്ങൾ അവതരിപ്പിക്കുന്നതും. 

രണ്ടാം നിലയിൽ സിനിമകളെയും കലകളെയും പരിചയപ്പെടുത്തുന്നു. ദിലീപ് കുമാറിലും അമിതാഭ് ബച്ചനിലും തുടങ്ങി ഷാരൂഖിലും ഹൃഥിക്കിലുമൊക്കെ എത്തിനിൽക്കുന്ന സിനിമാ ദൃശ്യങ്ങളും പഴയകാല സിനിമകളുടെ പോസ്റ്ററുകളും കൂറ്റൻ എൽ സി ഡി സ്‌ക്രീനിൽ മിന്നിമറിയുന്നു. ഒരു ഭാഗത്തായി ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളെയും വാസ്തു ശിൽപ്പകലകളെയും മന്ദിരങ്ങളെയും പരിചയപ്പെടുത്തുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വൈവിധ്യമാർന്ന കാഴ്ചകളും കലകളുമായി സ്‌ക്രീനിൽ തെളിയുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ പര്യവേക്ഷണം കൂടിയാണ്.  

വെർച്വൽ റിയാലിറ്റി പോഡുകൾ, 3ഡി ഓഗ്മെന്റഡ് റിയാലിറ്റി പ്രൊജക്ട് സിസ്റ്റങ്ങൾ, എൽ ഇ ഡി സറൗണ്ട് പ്രൊജക്ഷൻ, വാക്ക് ഇൻ എക്സ്പീരിയൻ കിയോസ്‌കുകൾ എന്നിവ രാജ്യത്തിന്റെ വളർച്ചയെ കൂടി സൂചിപ്പിക്കുന്നതാണ്. ദിവസേന നിരവധി സംഗീത നൃത്ത പരിപാടികളും പവലിയന്റെ ഭാഗമായി നടക്കാറുണ്ട്. 


രാജ്യം 2010ന് മുമ്പും ശേഷവും എങ്ങനെയായിരുന്നുവെന്നും രാജ്യത്തിന്റെ വളർച്ചയെ കുറിച്ചും പവലിയൻ സംസാരിക്കുന്നു. പവലിയന്റെ ഒരു ഭാഗത്തായി സ്റ്റാച്ച് ഓഫ് യൂനിറ്റിയുടെ മാതൃക കാണാം. അയോധ്യയിൽ നിർമാണം പൂർത്തിയാകുന്ന രാം മന്ദിറിന്റെയും അബൂദാബിയിലെ ക്ഷേത്രത്തിന്റെ മിനിയേച്ചറും മറ്റൊരു ഭാഗത്ത് കാഴ്ചക്കാരെ ആകർഷിക്കുന്നു. 

മുകളിലെ നിലയിൽ രാജ്യത്തെ പ്രധാന വ്യവസായ ഗ്രൂപ്പുകളെയും സംരഭങ്ങളെയുമാണ് പരിചയപ്പെടുത്തുന്നത്. ഹിന്ദുജ, അദാനി, റിലയൻസ്, ഐടിസി, ലുലു തുടങ്ങിയ വ്യാവസായിക ഗ്രൂപ്പുകളുടെ സ്റ്റാളുകളും ഭാവിയിലേക്കുള്ള അവരുടെ കരുതലുമാണ് ഇവിടെ കാണാനാകുക. ലോകനിലവാരത്തിലുള്ള ഇന്ത്യൻ ബ്രാൻഡുകളെയും ഈ നിലയിൽ പരിചയപ്പെടുത്തുന്നുണ്ട്. 

ഒക്ടോബർ ഒന്നിന് കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ദുബൈ എക്സ്പോ 2020ലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതു പോലെ തന്നെ ദുബൈ എക്സ്പോ 2020 പകർച്ചവ്യാധിക്കെതിരായ ലോകത്തിന്റെ പ്രതിരോധ സാക്ഷ്യം കൂടിയാണ്.

Share this story