വർണാഭമായ തുടക്കം: ദുബായ് എക്‌സ്‌പോ 2020 ന് തിരി തെളിഞ്ഞു

Dubai Expo
ഇന്ത്യ ഉൾപ്പെടെ 191 രാജ്യങ്ങളാണ് ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്

ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് എക്‌സ്‌പോ 2020 ന് തുടക്കം കുറിച്ചു. കലാപരിപാടികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ദുബായ് എക്‌സ്‌പോ 2020 ന് തിരിതെളിഞ്ഞത്. വ്യാഴാഴ്ച്ച യുഎഇ സമയം 7.30 ന് എക്‌സ്‌പോ നഗരിയിലെ അൽവസ്ൽ പ്ലാസയിൽ മേള ആരംഭിച്ചു.  ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകളാണ് എക്‌സ്‌പോ അധികൃതർ ഒരുക്കിയിരുന്നത്.

യുഎഇയിലെമ്പാടുമുള്ള സ്ഥലങ്ങളിൽ ഉദ്ഘാടന ചടങ്ങ് തൽസമയം സംപ്രേക്ഷണം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച സ്‌ക്രീനുകൾ വഴിയും ടെലിവിഷനിലൂടെയും ഓൺലൈൻ സംവിധാനങ്ങളിലൂടെയുമാണ് ഉദ്ഘാടന ചടങ്ങ് സംപ്രേക്ഷണം ചെയ്തത്. നിരവധി കലാപ്രകടനങ്ങളും വേദിയിൽ അരങ്ങേറി.

ഇന്ത്യ ഉൾപ്പെടെ 191 രാജ്യങ്ങളാണ് ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. മാർച്ച് 31 വരെ ആറു മാസത്തേക്കാണ് എക്‌സ്‌പോ നടക്കുക. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്‌സ്‌പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.

Share this story