അവസരങ്ങളുടെ എക്സ്പോ; പ്രതിമാസം 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം

അവസരങ്ങളുടെ എക്സ്പോ; പ്രതിമാസം 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം

ദുബായ്: അവസരങ്ങളുടെ എക്സ്പോയാണ് ഓരോ പവിലിയനുകളിലും കാത്തിരിക്കുന്നത്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് 31വരെയുള്ള ഹ്രസ്വകാല കരാർ വ്യവസ്ഥയിലാണ് നിയമനമെങ്കിലും ചില തസ്തികകളിൽ ഒരു മാസം കൂടി ലഭിച്ചേക്കാം. വിവിധ റിക്രൂട്ടിങ് ഏജൻസികൾ വഴിയുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണ്. ഗൈഡുകളും റിസപ്ഷനിസ്റ്റുകളും ഇംഗ്ലിഷ്, ഹിന്ദി, അറബിക്, തഗലോഗ് (ഫിലിപ്പീൻസ്) ഭാഷകൾ അറിഞ്ഞിരിക്കണം. ഏതു രാജ്യത്തിന്റെ പവിലിയൻ ആയാലും ഇതര പൗരന്മാർക്കും നിയമനം ലഭിക്കും. ഇംഗ്ലിഷിനു പുറമേ അതത് രാജ്യങ്ങളിലെ ഭാഷയും അറിഞ്ഞിരിക്കണം. അറബിക് കൂടി അറിയാമെങ്കിൽ എല്ലാ പവിലിയനുകളിലും പരിഗണന ലഭിക്കും.

സാധ്യതകളുടെ വിശ്വമേള
6 മാസത്തെ ജോലിയാണെങ്കിലും എക്സ്പോ കഴിഞ്ഞാലും അവസരങ്ങളേറെയാണ്. രാജ്യാന്തര മേളയിലെ തൊഴിൽ പരിചയവും ഗുണം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അപേക്ഷകൾ ലഭിച്ചതായി ബാർകർ ലാൻഗം റിക്രൂട്ടിങ് ഡയറക്ടർ മിക സ്റ്റൈൽസ് പറഞ്ഞു.

അഭിമുഖങ്ങളടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാഷാ പരിജ്ഞാനവും മറ്റും വിലയിരുത്താൻ അപേക്ഷകർ 5 മിനിറ്റ് വിഡിയോ റെക്കോർഡിങ് കൂടി അയയ്ക്കണം. കനേഡിയൻ പവിലിയനിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലിഷ്, അറബിക് എന്നിവയ്ക്കു പുറമേ ഫ്രഞ്ച്, ഇറ്റാലിയൻ, ചൈനീസ് ഭാഷാ പരിജ്ഞാനവും അധിക യോഗ്യതയായി കണക്കാക്കും. ഇ മെയിൽ: recruitment@barkerlangham.com. ഫ്രഞ്ച് പവിലിയനിൽ ഫ്രഞ്ച് നിർബന്ധമാണ്. സന്ദർശകരെ വരവേൽക്കുന്നതടക്കമുള്ള ജോലികൾക്കാണ് അവസരം. വിലാസം: valentine.ledenmat@francedubai2020.fr.

യുഎസ് പവിലിയൻ
നിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ്, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിലാണ് അവസരമെന്ന് പവിലിയൻ ആക്ടിങ് കമ്മിഷണർ ജനറൽ ഫിലിപ് ഫ്രെയ്ൻ പറഞ്ഞു. വിവരങ്ങൾക്ക്: https://usapavilion.org/get-involved/.

അവസരങ്ങളേറെയുള്ള പോളണ്ട് പവിലിയനിൽ ബിരുദവും ഇംഗ്ലിഷിൽ ആശയവിനിമയത്തിനുള്ള കഴിവുമാണ് അടിസ്ഥാന യോഗ്യത. ഇ മെയിൽ: anna.tukalska@paih.gov.pl.

രുചിക്കൂട്ട് വിളമ്പാം
പവിലിയനോടനുബന്ധിച്ചും അല്ലാതെയും ചെറുതും വലുതുമായി ഒട്ടേറെ ഭക്ഷണ കേന്ദ്രങ്ങൾ ഉള്ളതിനാൽ പാചക വിദഗ്ധർക്കും അവസരങ്ങളേറെ. കേരളം മുതൽ കശ്മീർ വരെയുള്ള രുചിക്കൂട്ടുകളുമായാണ് ഇന്ത്യ എത്തുക. പരമ്പരാഗത അറേബ്യൻ വിഭവങ്ങൾ ലോകത്തെ പരിചയപ്പെടുത്താൻ കാത്തിരിക്കുകയാണ് യുഎഇ. എക്സ്പോ സംഘാടകർ നേരിട്ടും അതത് രാജ്യങ്ങളുടെ പവിലിയനുകൾ വഴിയും നിയമനം നടക്കുന്നുണ്ട്.

വീഴരുത്, വ്യാജ വാഗ്ദാനങ്ങളിൽ

ജോലി വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുതെന്നും പണം ഈടാക്കി നിയമനങ്ങൾ നടത്തുന്നില്ലെന്നും സംഘാടകർ വ്യക്തമാക്കി. വിവരങ്ങൾക്ക്: https: careers.expo2020dubai.com.

Share this story