എണ്ണത്തിലല്ല, ഗുണമേന്മയിലാണ് ദുബൈ എക്‌സ്‌പോ ശ്രദ്ധയൂന്നുന്നതെന്ന് റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി

എണ്ണത്തിലല്ല, ഗുണമേന്മയിലാണ് ദുബൈ എക്‌സ്‌പോ ശ്രദ്ധയൂന്നുന്നതെന്ന് റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി

ദുബൈ: എക്‌സ്‌പോയുടെ ഗേറ്റുകളിലൂടെ എത്ര പേര്‍ വരുന്നു എന്നതല്ല, സന്ദര്‍ശകര്‍ക്ക് ലഭിക്കേണ്ട അനുഭവത്തിന്റെ ഗുണമേന്മയിലാണ് ദുബൈ എക്‌സ്‌പോ ശ്രദ്ധയൂന്നുകയെന്ന് ദുബൈ എക്‌സ്‌പോ ഓഫീസ് ഡയറക്ടര്‍ ജനറല്‍ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചും ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്തിയുമായിരിക്കും എക്‌സ്‌പോയുണ്ടാകുക.

ജനങ്ങള്‍ ധാരാളമായി വരികയും ഇപ്പോഴത്തേക്കാള്‍ ലോകം വളരെയേറെ മാറുകയും ചെയ്യുമെന്ന് റീം ചൂണ്ടിക്കാട്ടി. എന്നാല്‍, ഏത് അവസ്ഥയെയും അഭിമുഖീകരിക്കേണ്ടതുണ്ട്. എക്‌സ്‌പോ നല്‍കുന്നത് ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. ഗേറ്റുകളിലൂടെ എത്തുന്ന ആളുകളുടെ എണ്ണമല്ല തങ്ങള്‍ ശ്രദ്ധിക്കുന്നത്. മറിച്ച്, ജനങ്ങള്‍ക്കുണ്ടാകുന്ന അനുഭവത്തിന്റെ ആഴമാണ്. തങ്ങളുടെ എക്‌സ്‌പോ ക്രമീകരണങ്ങളും പ്രമേയത്തോട് നീതിപുലര്‍ത്തുന്ന സംവിധാനങ്ങളുമെല്ലാം ജനങ്ങളെ ആസ്വദിപ്പിക്കുമെന്നാണ് കരുതുന്നത്.

എക്‌സ്‌പോയുടെ പ്രമേയവും ഉപപ്രമേയങ്ങളായ സുസ്ഥിരത, ചലനാത്മകത, അവസരം എന്നിവ പങ്കാളികളാകുന്ന രാജ്യങ്ങളെയും സന്ദര്‍ശകരെയും കൂടുതല്‍ ശക്തരാക്കും. കൊവിഡാനന്തര കാലത്താണ് എക്‌സ്‌പോ എന്നതിനാല്‍ പ്രത്യേകിച്ചും. ലക്ഷ്യം, ജനം, ഭൂമി എന്നിവയെ ഊന്നിയാണ് എക്‌സ്‌പോ എപ്പോഴും ആസൂത്രണം ചെയ്തത്. നിലവില്‍ ഇവ കൂടുതല്‍ പരസ്പര പൂരകങ്ങളാകുകയാണ്.

വരി നില്‍ക്കല്‍ ഇല്ലാതാക്കി സാമൂഹിക അകലം പാലിച്ചുള്ള ക്രമീകരണങ്ങളാകും ഉണ്ടാകുക. സന്ദര്‍ശകരുടെ എണ്ണം കുറക്കേണ്ടി വരും. വേള്‍ഡ് എക്‌സ്‌പോയുടെ കാര്യത്തില്‍ ലോകജനത വലിയ പിന്തുണയാണ് അര്‍പ്പിച്ചത്. പ്രത്യേകിച്ച്, കൊവിഡിന്റെ പശ്ചാത്തലത്തില്‍ എക്‌സ്‌പോ നീട്ടിവെക്കാമെന്ന യു എ ഇയുടെ നിര്‍ദ്ദേശം മാനിക്കപ്പെട്ടെന്നും എല്ലാവരും മികച്ച പിന്തുണ അര്‍പ്പിച്ചെന്നും റീം ചൂണ്ടിക്കാട്ടി.

Share this story