ഇതാണ് ദുബൈ എക്‌സ്‌പോയുടെ ഹൃദയം; ലോകത്തെ അത്ഭുതപ്പെടുത്തുന്ന 'അൽവാസൽ പ്ലാസ'

AL WASAL

ദുബൈ എക്‌സ്‌പോ 2020ന്റെ ഹൃദയമാണ് അൽ വാസൽ പ്ലാസ. സന്ദർശകരെ അതിശയത്തിന്റെ പരകോടിയിൽ എത്തിക്കുന്ന ഈ താഴികകുടത്തിന് 130 മീറ്റർ വീതിയും 67.5 മീറ്റർ ഉയരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലേസർ പ്രൊജക്ഷൻ ഉപരിതലം കൂടിയാണിത്. ലേസർ പ്രദർശനങ്ങൾക്ക് പുറമെ തത്സമയ സംപ്രേഷണങ്ങളും എന്തിനേറെ സ്‌പേസ് ഷിപ്പിൽ നിന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള തത്സമയ സംവദിക്കലും അൽവാസൽ പ്ലാസയിലെ കൂറ്റൻ പ്രൊജക്ഷൻ ഉപരിതലത്തിൽ കണ്ട് ലോകം അത്ഭുതപ്പെട്ടിരുന്നു. 

alwasal

252 ലേസർ പ്രൊജക്ടറുകളാണ് അൽവാസൽ പ്ലാസ താഴികക്കുടത്തിന്റെ ഉപരിതലത്തിലേക്ക് ചിത്രങ്ങളും ദൃശ്യങ്ങളും എത്തിക്കാനായി പ്രവർത്തിക്കുന്നത്. താഴികക്കുടത്തിന് അകത്തു നിന്നും പുറത്തു നിന്നും പ്രദർശനം കാണാനാകുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എക്‌സ്‌പോ 2020ന്റെ ഔദ്യോഗിക ഡിസ് പ്ലേ പാർട്ണറായ ഓഡിയോ വിഷ്വൽ ടെക് ഭീമൻ ക്രിസ്റ്റിയാണ് ഈ നിർമിതിയുടെ പിന്നിൽ. 

space

ഡോമിന്റെ ഫ്രെയിമുകളുടെ ചട്ടക്കൂടിന്റെ നിർമാണം പൂർണമായും സ്റ്റീലിലാണ്. 13.6 കിലോമീറ്റർ ദൂരത്തിലുള്ള വസ്തുക്കളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡോം നിർമാണത്തിനായി ഉപയോഗിച്ച വസ്തുക്കളുടെ ആകെ ഭാരം 2544 ടൺ ആണെന്നാണ് റിപ്പോർട്ടുകൾ. 

2019 അവസാനത്തോടെയാണ് ഡോമിന്റെ നിർമിതിക്ക് ഏകദേശ രൂപം വന്നത്. 800ലധികം എൻജീനിയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ പതിനാല് മാസത്തെ ആസൂത്രണത്തോടെയാണ് എക്‌സ്‌പോയുടെ അഭിമാന കേന്ദ്രമായ അൽ വാസൽ പ്ലാസ നിർമിച്ചിരിക്കുന്നത്. അറബിയിൽ കണക്ഷൻ എന്നർഥം വരുന്ന അൽ വാസലിൽ നിന്നാണ് അൽവാസൽ പ്ലാസ എന്ന പേരിലേക്ക് എത്തിയത്. 483 ഹെക്ടർ വരുന്ന എക്‌സ്‌പോ നഗരത്തിന്റെ കേന്ദ്ര ഭാഗത്ത് തന്നെയാണ് അൽവാസ പ്ലാസ സ്ഥിതി ചെയ്യുന്നത്. 

plaza

പേര് അന്വർഥമാക്കുന്നതുപോലെ തന്നെ എക്‌സ്‌പോയുടെ മൂന്ന് തീമാറ്റിക് ഡിസ്ട്രിക്ടുകളായ മൊബിലിറ്റി, ഓപർച്ച്യൂണിറ്റി, സസ്റ്റൈനബിലിറ്റി എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് അൽവാസയുടെ നിർമാണം. ഇതിന് സമീപത്തായി റസ്റ്റോറന്റുകൾ, പാർക്കുകൾ, ഫൗണ്ടൈനുകൾ, ഷോപ്പുകൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
 

Share this story