ദുബൈ എക്‌സ്‌പോ; സന്ദര്‍ശകരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു

ദുബൈ:  2020 ദുബൈയിലെ എക്‌സ്‌പോ സന്ദര്‍ശകരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. എക്‌സ്‌പോ തുടങ്ങി വെറും അഞ്ചാഴ്ച പിന്നിടുമ്പോഴാണ് ഈ സന്ദര്‍ശക പ്രവാഹം. ഒക്‌ടോബര്‍ ഒന്നിനാണ് എക്‌സ്‌പോ ആരംഭിച്ചത്. 

എക്‌സ്‌പോ സന്ദര്‍ശിച്ചവരുടെ എണ്ണം 29 ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം സംഘാടകര്‍ വെളിപ്പെടുത്തിയിരുന്നു. ആറുമാസത്തെ സീസണ്‍ പാസെടുത്താണ് എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ 65ശതമാനം ആള്‍ക്കാരും. ഇതില്‍ ഒരു ലക്ഷം സന്ദര്‍ശകര്‍ കുട്ടികളാണ്.

ഇതുവരെയുള്ള കണക്കുകള്‍ പറയുന്നത് സൗദി അറേബ്യയുടെ പവലിയനാണ് ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ചതെന്നാണ്. ഇവിടെ മാത്രം സന്ദര്‍ഷിച്ചത് അഞ്ചുലക്ഷത്തിലേറെ പേരാണ്. അതേസമയം, ഇന്ത്യന്‍ പവലിയനിലെത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തിലേറെയായിട്ടുണ്ട്.

യു.എ.ഇ താമസക്കാര്‍ക്കിടയിലും വിനോദ സഞ്ചാരികള്‍ക്കിടയിലും എക്‌സ്‌പോ എത്രത്തോളം താല്‍പര്യം ഉണ്ടാക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പ്രസ്താവിച്ചു. ഇതിന് പുറമെ സ്‌കൂളുകളിലെ മധ്യകാലാവധിയും ദീപാവലി അടക്കമുള്ള ആഘോഷങ്ങളും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

ഇത്തവണത്തെ എക്‌സ്‌പോയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവാഹം അല്‍ഭുതപ്പെടുത്തുന്ന രീതിയിലാണെന്ന് എക്‌സ്‌പോ കമ്മ്യൂണിക്കേഷന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സ്‌കോനെയ്ഡ് മക്ജീചിന്‍ അറിയിച്ചു. ഇതിനകം ഓണ്‍ലൈന്‍ വഴി എക്‌സ്‌പോ പരിപാടികള്‍ വീക്ഷിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നിട്ടുണ്ട്. 

അതേസമയം, നവംബര്‍ മാസത്തില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ എക്‌സ്‌പോ സന്ദര്‍ശന ടിക്കറ്റിന്റെ നിരക്ക് പകുതിയാക്കിയിട്ടുണ്ട്. ദിവസ ടിക്കറ്റിന് നല്‍കണ്ടേ 95 ദിര്‍ഹമിന് പകരം 45 ദിര്‍ഹമാണ് ഈ ടിക്കറ്റിന് നല്‍കേണ്ടി വരിക. വാരാന്ത്യ അവധികളായ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് ഓഫര്‍. 

ഈ ഓഫര്‍ എടുക്കുന്നവര്‍ക്ക് 10 സ്മാര്‍ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ടായിരിക്കും. വിവിധ പവലിനുകളില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്മാര്‍ട് ക്യൂ ബുക്കിങ് ഉപയോഗിക്കുന്നവര്‍ക്ക് വരിനില്‍ക്കാതെ പ്രവേശനമനുവദിക്കും. നവംബര്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയത് കൂടുതല്‍ സന്ദര്‍ശകരെ മേളയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share this story