കൃത്രിമ മഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിംഗ്, ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങി ദുബായ്

UAE

ദുബായ്: കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിംഗിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് യു.എ.ഇ പരിഗണനയില്‍. മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങള്‍ വിതറാനും ഇവക്കു കഴിയുമെന്നു കണ്ടെത്തി.

നിലവില്‍ വിമാനങ്ങളിലാണ് രാസ മിശ്രിതങ്ങള്‍ വിതറുന്നത്. ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും കുറക്കാന്‍ പദ്ധതി സഹായകമാകും. യു.എസിലെ കൊളറാഡോ സര്‍വകലാശാലയുമായി  സഹകരിച്ചു നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് പദ്ധതി പരിഗണിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൂന്ന് ഡ്രോണുകളാണ് ക്ലൗഡ് സീഡിംഗിന് ഉപയോഗിച്ചത്. മേഘങ്ങളെ കണ്ടെത്താനും മഴയുടെ സാധ്യതകള്‍ പരിശോധിക്കാനുമുള്ള ഉപകരണങ്ങളാണ് രണ്ട് ഡ്രോണുകളില്‍ ഉണ്ടായിരുന്നത്.

മൂന്നാമത്തെ ഡ്രോണ്‍ രാസമിശ്രിതങ്ങള്‍ വിതറി. കൂടുതല്‍ വേഗത്തില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. മഗ്‌നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ദ്രവീകൃത പ്രൊപ്പെയ്ന്‍ തുടങ്ങിയവ നിശ്ചിത അനുപാതത്തില്‍ യോജിപ്പിച്ച മിശ്രിതമാണ് മേഘങ്ങളില്‍ വിതറുക.

Share this story