ഈദുല്‍ ഫിത്വര്‍; വിശ്വാസികളാല്‍ നിറഞ്ഞ് മക്ക, മദീന ഹറം പള്ളികള്‍

Macca

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു

പെരുന്നാള്‍ നമസ്‌കാരത്തിനായി ഇന്നലെ രാത്രിയോടെ തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. പള്ളികളുടെ അകത്തും മുറ്റത്തും സമീപത്തെ റോഡുകളുമെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ ശൈഖ് സാലിഹ് ബിന്‍ ഹുമൈദ് പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കി.

മദീനയിലെ മസ്ജിദുന്നബവി പള്ളിയില്‍ ശൈഖ് അബ്ദുള്‍ ബാരി സുബൈത്തിയുടെ നേതൃത്വത്തിലാണ് പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും നടന്നത്.

മധുരം വിതരണം ചെയ്തുകൊണ്ടാണ് ഹറം ജീവനക്കാര്‍ വിശ്വാസികളെ സ്വീകരിച്ചത്. സൗദിയുടെ മറ്റ് ഭാഗങ്ങളിലെ പള്ളികളിലും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് വൈകുന്നേരം വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

Share this story