അബുദാബിയില്‍ പ്രവാസികള്‍ക്കായി ഇംഗ്ലീഷ്, അറബി കുടുംബ കോടതി

അബുദാബി: മുസ്ലിംകളല്ലാത്ത വിദേശികള്‍ക്കുവേണ്ടി അബുദാബിയില്‍ പതിയ ദ്വിഭാഷാ കുടുംബ കോടതി പ്രഖ്യാപിച്ചു. കുടുംബവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ കൈകാര്യം ചെയ്യുന്ന കോടതി യു.എ.ഇ വൈസ് പ്രസിഡന്റാണ് പ്രഖ്യാപിച്ചത്.

അബുദാബി എമിറേറ്റില്‍ മുസ്ലിംകളല്ലാത്തവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമം ഈയിടെ പാസാക്കിയിരുന്നു. വിവാഹ മോചിതരായ ദമ്പതികള്‍ക്ക് മക്കളുടെ സംരക്ഷണത്തിനുള്ള അവകാശം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.

അബുദാബിയില്‍ കഴിയുന്ന വിദേശികള്‍ക്ക് കുടുംബ തര്‍ക്കങ്ങളില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കനുസരിച്ചുള്ള പരിഹാരം തേടാന്‍ പുതിയ ജുഡീഷ്യല്‍ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

യു.എ.ഇയില്‍ പൊതുവെ കോടതി വ്യവഹാര നടപടികള്‍ അറബിയിലാണ് കൈകാര്യം ചെയ്യാറുള്ളത്. വിദേശികള്‍ക്കും ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വേണമായിരുന്നു നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍. വിവാഹിതരായ രാജ്യത്തെ നിയമപ്രകാരം വിവാഹ മോചന ഹർജികള്‍ ഫയല്‍ ചെയ്യുന്നതിന് അനുവദിക്കുന്നതാണ് ഭേദഗതി.

Share this story