പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഇനി മുതല്‍ ചെക്ക് കേസുകള്‍ ക്രിമിനല്‍ കുറ്റമല്ല

ചെക്ക്

അബുദാബി: ചെക്ക് കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി യു.എ.ഇ. ബാങ്ക് അക്കൗണ്ടില്‍ മതിയായ തുകയില്ലാത്തതിന്റെ പേരില്‍ മടങ്ങുന്ന ചെക്കുമായി (ബൗണ്‍സ് ചെക്ക്) ബന്ധപ്പെട്ട കേസുകളാണ് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. പുതിയ നിയമഭേദഗതി ജനുവരി രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 

എന്നാല്‍ വ്യാജ ഒപ്പിടുന്നത് ഉള്‍പ്പെടെയുള്ളവ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരും. ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിനും നിയമപരമായ പോരായ്മകള്‍ നികത്തുന്നതിനുമാണ് ഭേദഗതിയെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു.

നിലവിലെ നിയമം അനുസരിച്ച് ചെക്കിലെ തുകയ്ക്ക് തുല്യമായ പണം അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമേ പാസ്സാക്കൂ. ഇല്ലെങ്കില്‍ മടക്കി (ബൗണ്‍സ്) അയയ്ക്കും. എന്നാല്‍ പുതിയ നിയമം അനുസരിച്ച് ബാങ്കില്‍ സമര്‍പ്പിക്കുന്ന ചെക്കിന്റെ തുകയ്ക്കു തുല്യമായ പണം അക്കൗണ്ടില്‍ ഇല്ലെങ്കിലും ലഭ്യമായ തുക നല്‍കും. ശേഷിച്ച തുക ബാങ്ക് അധികൃതര്‍ ചെക്കില്‍ രേഖപ്പെടുത്തും. ഇത് ഈടാക്കുന്നതിന് സിവില്‍ കോടതിയില്‍ നേരിട്ട് എക്‌സിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാം.

ചെക്ക് മടങ്ങിയാല്‍ വിശദവിവരങ്ങള്‍ ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കിനെ യഥാസമയം അറിയിക്കണം. തുടര്‍ച്ചയായി ചെക്ക് മടങ്ങുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വീണ്ടും ചെക്ക് ബുക്ക് ലഭിക്കില്ല. ചെക്ക് നല്‍കി വഞ്ചിച്ചയാളുടെയും കമ്പനികളുടെയും പേര് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ ചെക്കുകേസില്‍ പെടുന്നവര്‍ക്ക് തുകയുടെ വ്യാപ്തി അനുസരിച്ച് പിഴയോ തടവോ ആയിരുന്നു ശിക്ഷ. എന്നാല്‍ പുതിയ നിയമം അനുസരിച്ച് സിവില്‍ കേസില്‍ പണം അടച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക, ആസ്തി ജപ്തി ചെയ്യുക, ഇതു സാധ്യമല്ലാതെ വരുന്ന സാഹചര്യത്തില്‍ ജയില്‍ ശിക്ഷ എന്നിവ അനുഭവിക്കേണ്ടി വരും.

Share this story