വെള്ളപ്പൊക്കം; കുവൈത്തിൽ 106 പേരെ അഗ്​നിശമന സേന രക്ഷിച്ചു

Kuwait

കുവൈത്തിൽ തിമിർത്തുപെയ്​ത മഴ റോഡുകളിൽ ​വെള്ളക്കെട്ടുണ്ടാക്കി. നിർത്തിയിട്ടതും നിരത്തിലിറങ്ങിയതുമായ നിരവധി വാഹനങ്ങൾ മുങ്ങി. രാജ്യത്തി​ന്റെ എല്ലാ ഭാഗങ്ങളിലും ശക്​തമായ മഴയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 106 പേരെ അഗ്​നിശമന വിഭാം രക്ഷിച്ചു. കുവൈത്ത്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെപ്രവചനം ശരിവെച്ചാണ്​ ഞയറാഴ്​ച രാവിലെ മുതൽ ശക്​തമായ മഴയുണ്ടായത്​.

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. കടലിൽ പോകരുതെന്നും റോഡ്​ ഗതാഗതത്തിൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്​. അഹ്​മദി ഭാഗത്താണ്​ ഏറ്റവും കനത്തുപെയ്​തത്​. ജലീബ്​ അൽ ശുയൂഖ്​, ഫർവാനിയ, ഖൈത്താൻ, കുവൈത്ത്​ സിറ്റി, ഫഹാഹീൽ, മംഗഫ്​, സാൽമിയ, സൽവ, സീസൈഡ്​, ഫിൻതാസ്​ തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടായി. അഗ്​നിശമന വകുപ്പ്​ ഏറെ ശ്രമകരമായാണ്​ റോഡുകളിൽനിന്ന്​ വെള്ളം നീക്കിയത്​.

Share this story